Pages

Friday, May 3, 2013

!!!

അക്ഷരങ്ങൾ കൂട്ടി വായിക്കാൻ,
തുടങ്ങിയ കാലം
വാക്കുകളൊക്കെ കനിവുള്ളവയായിരുന്നു

പിന്നെ വരികൾക്കിടയിൽ,
വായിച്ചു തുടങ്ങിയ തുകൊണ്ടാവാം,
നോവിക്കുന്ന വാക്കുകൾ 
കണ്ടത് 

എന്നിട്ടും നല്ലതൊക്കെ,
മുനയും മൂർച്ചയും ഇല്ലാത്തതൊക്കെ,
സ്നേഹത്തോടെ 
ഞാൻ സൂക്ഷിച്ചു വച്ചു 

പക്ഷെ ഇന്നലെ,
ഞാനന്വെഷിച്ചതു 
നിന്റെ ജീവെനെടുക്കാനുള്ള വാക്കായിരുന്നു 
ഇതുവരെ കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത ഒന്ന് 

ലോകത്തിലേറ്റവും നിസ്സഹായമായത് ,
നിന്റെ മരണമാണെന്ന് ,
വായിച്ചു നിർത്തിയിട്ടും
ഞാൻ പിന്നെയും അത് തന്നെ 
തിരഞ്ഞു 

ഇപ്പോഴും ആ വരികൾക്കിടയിൽ,
വിഷം കുത്തിവച്ച്  നിശ് ചലമാക്കിയ,
നിന്റെ ഹൃദയത്തിൽ നിന്നോഴുകിയ 
ചോര പടർന്നിരിക്കുന്നു 

എനിക്കറിയാം അതുചിലപ്പോൾ 
എന്റെ കാഴ്ചയെ തന്നെ മറച്ചേക്കാമെന്ന് 

                                   20 April 13 

Thursday, May 2, 2013

ഇല്ലാത്ത പ്രൊഫൈൽ

ഇന്നലെയാണ് ചിത്തിരവിലാസത്തിലെ ആഞ്ഞിലി മരം ഫെയ്സ്ബുക്കിനു
കുറുകെ  വീണത്‌.

ഫോട്ടോ പോസ്റ്റ്‌ ചെയ്ത ഞങ്ങള്‍ടെ 7 അം ക്ലാസ്കാരി സുജാകുമാരിക്ക് നന്ദി, നീ ഇപ്പോഴും സ്കൂളിന് പിറകിലെ വീട്ടില്‍ താമസിക്കുന്നുണ്ടെന്നറിഞ്ഞതില്‍ അസൂയയും

ചെമ്മണ്ണ്‍ പാതക്കപ്പുറവും ഇപ്പുറവും ഇരട്ടകുട്ടികളെപ്പോലെ രണ്ടു സ്കൂളുകൾ, ഒന്ന് പ്രൈമറിയും മറ്റതു അപ്പർ പ്രൈമറിയും.അപ്പർ പ്രൈമറി  മംഗലത്ത് പരമേശ്വരൻപിള്ളയുടെതും മറ്റത് സർക്കാർവകയും പ്രൈമറിയുടെ മുറ്റത്ത് റോഡിനോട് ചേർന്ന് വലിയ രണ്ടു മാവുകളുണ്ടായിരുന്നു ,പക്ഷെ രണ്ടിലും മാങ്ങപിടിച്ചതായി ഓർക്കുന്നില്ല.

അപ്പർ പ്രൈമറിയുടെ 7-അം ക്ലാസിനുപിറകിലാണ് ഈ വലിയ ആഞ്ഞിലി  മരം നിന്നിരുന്നത്
പാവം ആഞ്ഞിലിമരം മഴക്കോളും കാറ്റും വന്ന എത്രെയോ വൈകുന്നേരങ്ങളില്‍ ഞങ്ങളേ ഒരുപാട് സഹായിച്ചിരിക്കുന്നു. അത് വീഴുമെന്നോര്‍ത്തു 7 -അം ക്ലാസ്സു അന്നൊക്കെ ഒരുപാട് ദിവസങ്ങളിൽ നേരത്തെ വിട്ടിരിക്കുന്നു

എന്നും ഇങ്ങനെ ഒരു ഭീഷണിയായി നിക്കാന്‍  ആഞ്ഞിലിമരത്തിനാകണേന്ന് ഞങ്ങളെപ്പോലെ എല്ലാ തലമുറയിലെയും കുട്ടികൾ  പ്രാര്‍ത്ഥിച്ചത്‌ കൊണ്ടാവാം പാവത്തിന് ഇത്രേം ആയുസ്സ് കിട്ടിയത്. പിന്നെ കോടതിയിൽ പിള്ളയും മകനും തമ്മിൽ ഇപ്പോഴും നിലനില്ക്കുന്ന സ്വത്ത് തർക്കങ്ങളും

അന്ന് 7 ലുണ്ടായിരുന്ന 32 പേരിൽ ഞാനുൾപ്പടെ  31 പേരും ആഞ്ഞിലിയുടെ
ഫോട്ടോയ്ക്ക് കീഴെ കമൻറ് ചെയ്തും കണ്ണീർവാർത്തും ഹാജർവച്ചു

ഞാൻ പേരുകളില്‍ കണ്ണോടിച്ചു,  ആരോ ഒരാള്‍ കുറവ്

32 ല്‍ ഒന്ന് കുറഞ്ഞതിന്റെ ഭാരം, ഏപ്രിൽ മെയ്‌ മാസങ്ങളിൽ ചക്ക തൂങ്ങി ഭാരം കൊണ്ട ആഞ്ഞിലിയുടെ ചില്ലപോലെ എന്റെനെഞ്ചിൽ കനപ്പെട്ടു കിടന്നു.

അന്നുരാത്രി ഞാൻ ആഞ്ഞിലിയേം 7 ആം ക്ലാസ്സിനേയും സ്വപ്നം കണ്ടു.
 സുധാകരൻ മാഷ്‌ ലീവായതിനാല്‍ അന്നു കണക്കിന്റെ പീരിയിഡിൽ സംസ്കൃതം ടീച്ചര്‍ സാവിത്രി അന്തര്‍ജ്ജനം ആണ് വന്നത്
 അന്ന് ഞങ്ങള്‍ ഹിന്ദു കുട്ടികള്‍ സംസ്കൃതവും മുസ്ലീം കുട്ടികള്‍ അറബും പഠിച്ചിരുന്നു, ഈ വിഷയങ്ങള്‍ ഞങ്ങളെ എന്തിനാണ് പഠിപ്പിച്ചിരുന്നതെന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല , ഇതിനൊക്കെ അന്ന് എന്തെഴുതിയാലും ഞങ്ങൾ ജയിക്കുകയും ചെയ്തിരുന്നു. ആറ്റിനക്കരെ നിന്ന് വന്ന ക്രിസ്ത്യൻ കുട്ടികളാകട്ടെ അവർക്ക്  പഠിക്കാൻ ഒന്നുമില്ലന്നോർത്തു വേവലാതിപ്പെടാതെ അറബിലേക്കോ സംസ്കൃതത്തിലെക്കോ പോയിരുന്നു
മാറിയ കാലത്തിൽ ബഷീര്‍ മാഷ്‌ ചരിത്രവും സാവിത്രി അന്തര്‍ജ്ജനം മലയാളവും പഠിപ്പിച്ചു സ്വന്തം  ജോലി നിലനിർത്തിപ്പോന്നു
സാവിത്രി ടീച്ചര്‍,  ബ്രഹ്മാവിന്റെ പത്ത് പുത്രന്മാരിൽ ഒരാളായ യക്ഷപ്രജാപതി   പണ്ട് യാഗം നടത്തിയ  കഥ പറയുന്ന അവസാന പീരിഡിലാണ്  പിന്നില്‍ നിന്ന് റഫീക്ക് അലറിയത്

 "അള്ളോ ആഞ്ഞിലിമരം വീഴുന്നെ !!"

പിന്നെ ആരും ഒന്നും നോക്കിയില്ല എല്ലാരും ഓടി, റോഡിനപ്പുറത്തെ മാവിന്‍ ചോട്ടിലെത്തിയിട്ടെ നിന്നുള്ളൂ

എല്ലാവരും മാവിന്‍ ചോട്ടില്‍ എത്തിയപ്പോഴാണ് സാവിത്രി ടീച്ചര്‍ എണ്ണിയത്

ആരോ ഒരാള്‍ കുറവ്,എന്റെ ദൈവമേ  അതാരാണ്

വിഷ്ണുവർധൻ ഓഫീസി റൂമിലേക്കോടി ഹാജര്‍ ബൂക്കെടുക്കാന്‍

ഞാനും ടീച്ചറും നിങ്ങളും ഒക്കെ എണ്ണി, ആരാണ് കുറവ് ?

ബ്രൌണ്‍ പേപ്പറിൽ  പൊതിഞ്ഞ നീളൻ ഹാജർബുക്കിനെ ഭവ്യതയോടെ കൊണ്ട് വരുമ്പോഴേക്കും റസിയ അലറി വിളിച്ചു

"അള്ളോ നജീബിനെ കാണാനില്ലേ"

"നജീബേ  ................... " റസിയക്കൊപ്പം 7 അം ക്ലാസ്സുമുഴുവൻ അലറി

മിക്കപ്പോഴും അവൻ വിളികേൾക്കാറില്ല, എവിടെയെങ്കിലും ദിവാസ്വൊപ്നവും കണ്ടിരുന്നുകൊള്ളും

ആഞ്ഞിലി മരം വീഴുന്നെന്നു റഫീക്ക് വിളിച്ചു  പറഞ്ഞതും  അവന്‍ കേട്ടിട്ടുണ്ടാവില്ല

റസിയ മാത്രം വീണ്ടും അലറിവിളിച്ചു "നജീബേ ..............................."

ഞാന്‍ ഞെട്ടിയുണര്‍ന്നു

ഫെയ്സ്ബൂക്കിലെ ഫോട്ടോക്ക് കീഴെ പരതുമ്പോള്‍ റസിയയുടെ നിലവിളി കാതിൽ മുഴങ്ങി

ശരിയാണ് നജീബ്  മാത്രം ഇല്ല

അന്ന് രാത്രി ഞാന്‍ ഉറങ്ങിയില്ല, ഇത്രെനാളും നിന്നെ മറന്നു പോയല്ലോ എന്നോർത്ത് സങ്കടപ്പെട്ടു

18 വർഷങ്ങൾ ഒരിക്കൽ പോലും, നിന്നെ ഞാൻ ഓർത്തിട്ടേ ഇല്ല

ആഞ്ഞിലി മരം വീണെന്ന് അന്ന് റഫീക്ക്  വിളിച്ചു  പറഞ്ഞപ്പോൾ, 7 അം ക്ലാസ്സ്‌ ആകെ അത് വിശ്വസിച്ചു ഇറങ്ങിയോടിയപ്പോൾ ആ  മരം ചതിക്കില്ലന്നു ഉള്ളാലെ പറഞ്ഞു, മരം വീണിട്ടില്ലെന്നു ഞങ്ങളോട് പറയാൻ വന്ന ചങ്ങാതീ .........ഞങ്ങളൊക്കെ നിന്നെ എങ്ങനെ മറന്നു ?

ഏതായാലും അതിനു ശേഷം വിചിത്രമായ ഒരുത്തരവാണ്   ബഷീർ മാഷ് കൊണ്ടുവന്നത്, ആഞ്ഞിലിയുടെ ചുവട്ടിൽ ഇനി ആരും മൂത്രം ഒഴിക്കരുത്, ആണ്‍ കുട്ടികൾ ആഞ്ഞിലിയുടെ ചുവട്ടിൽ മൂത്രം ഒഴിച്ച് മണ്ണ് നനഞ്ഞ് ചുവടിളകി  അത് വീണേക്കാം !!
നജീബ് ഒഴികെ മാറ്റാരും ബഷീർ മാഷ് പറഞ്ഞത്  അനുസരിച്ചില്ല, എന്നത്തെയും പോലെ പിന്നെയുള്ള ദിവസങ്ങളിലും ഞങ്ങൾ ആഞ്ഞിലിക്ക്‌ ചുറ്റും തന്നെ കാര്യം സാധിച്ചു


അന്നുരാത്രി  ഞാൻ അവനു വേണ്ടി ഫെയ്സ് ബുക്കിൽ ഒരു അക്കൗണ്ട്‌ തുറന്നു,
എന്നിട്ട് ആഞ്ഞിലിക്കു കീഴെ അവൻറെ വകചരമ കുറിപ്പെഴുതി

പിന്നെ സുഖമായി ഉറങ്ങി


ആഴ്ച ഒന്നുകഴിഞ്ഞാണ് ഞാൻ നജീബിന്റെ അക്കൗണ്ട്‌, ഒരു കൗതുകത്തിനെന്നപൊലെ തുറന്നു നോക്കിയത്, ഒരുപാടുപേർ നിന്റെ സുഖം അന്വേഷിക്കുമെന്നും നീ വീണ്ടും ജീവിച്ചോ എന്നുപോലും ചോദിക്കുമെന്നും കരുതിയ എനിക്ക് തെറ്റി,നിന്റെ പേജിൽ സുഖന്വേഷണങ്ങളും ഫ്രെണ്ട്സ് റിക്വെസ്റ്റും ഇല്ല.
വെള്ളയും നീലയും കലർത്തിയ പേജിൽ   തിളങ്ങി  നിൽക്കുന്നവർ നിന്നെ കണ്ടിട്ടും കണ്ടില്ലാന്നു നടിച്ചു (നിന്നെ മാത്രം അല്ല മിക്കപ്പോഴും അവരെല്ലാം  പരസ്പരം അങ്ങനെ ആണ്, കണ്ടാൽ കൂടി  മിണ്ടാറില്ല)

പിന്നീടുള്ള ദിവസങ്ങളിൽ  ഞാൻ നജീബിനെ മറന്നു, അല്ലെങ്കിൽ തന്നെ അത്രെക്കു തിരക്കായിരുന്നു. തിരച്ചു പോകും മുൻപെ എനിക്കെന്തൊക്കെ തീർക്കാനുണ്ട്?

 നല്ലൊരു വാടകക്കാരനെ കണ്ടുപിടിക്കണം ഇനി ഈ വീട് ഇങ്ങനെ അടച്ചിടെണ്ട
പറമ്പിലെ റബ്ബർ ഒക്കെ വെട്ടികളയണം, ഇനി യുള്ള കാലം വല്ല തെങ്ങോ മാവോ വയ്ക്കണം.
തിന്നാൻ കൊള്ളാവുന്ന വല്ലതും പറമ്പിൽ നാട്ടു പിടിപ്പിക്കണം ഇനി വരുമ്പോഴേക്കെങ്കിലും അവയൊക്കെ കായ്ചിട്ടുണ്ടാവട്ടെ


ഓരോന്നോർത്തു ലാപ്ടോപ് എടുത്തപ്പോൾ ഞാൻ അറിയാതെ നിന്റെ അക്കൗണ്ടിലേക്ക് കയറിപ്പോയി.

നിനക്കൊരു  ഫ്രണ്ട്സ് റിക്വെസ്റ്റും  പിന്നെ പ്രൈവറ്റ് മെസ്സേജും നിൻറെ സുഖ വിവരം അന്ന്വേഷിക്കുന്ന  മെസ്സേജിന്റെ അവസാനം അവൾ ഇങ്ങനെ എഴുതിയിരുന്നു,

"ഇത് നീയല്ലാന്നു എനിക്കറിയാം എന്നാലും ഞാൻ വിശ്വസിച്ചോട്ടെ  ഇത് നീ തന്നെയാണെന്ന്"

ദൈവമേ  റസിയ, മൊഞ്ചുള്ള പെണ്ണ് , ഏഴിലും പിന്നെ ലക്ഷ്മി വിലാസത്തിലും എന്നെ കൊതിപ്പിച്ചു നടന്നവൾ, അവൾക്കു നിന്നോട് പ്രണയം ആയിരുന്നോ !!

വീട്ടിലും പിന്നെ മൊബൈലിലും ഇന്റർനെറ്റ്‌ ഉണ്ടായിട്ടും ഞാൻ പാലത്തിന്റടുത്തെ അക്ഷയസെന്ററിൽ പോയി എനിക്കറിയാമായിരുന്നു റസിയാ അവിടെ ആണെന്ന്

അന്നുരാത്രി അവൾ നജീബിന്റെ ചാറ്റ് വിൻഡോയിൽ ഇങ്ങനെ കുറിച്ചു

"നമ്മുടെ ക്ലാസ്സിൽ ഉണ്ടായിരുന്ന ആ ജയകൃഷ്ണൻ ഇല്ലേ പഠിപ്പിസ്റ്റ്, ഓർമയില്ലേ നിനക്ക്?
നീ മരിച്ചപ്പോൾ  നമ്മുടെ ക്ലാസിനു വേണ്ടി റീത്ത് വച്ചെ ആ തടിയൻ ?

അവനിന്ന് അക്ഷയ സെന്റെറിൽ വന്നിരുന്നു, ആ അമേരിക്കകാരന്റെ വീട്ടിൽ ഇന്റർനെറ്റ് ഇല്ലാന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വോസിക്കുവോ ?
എന്നെ കാണാൻ തന്നെയാ വന്നെ, വായിനോക്കി, ഇപ്പോഴും പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്ത പോലെയാ നോക്കുന്നെ !!
ഞാൻ പറഞ്ഞു വന്നത് അതല്ല, നീയും ഇപ്പൊ അവന്റെ അത്രേം ആയിട്ടുണ്ടാവും അല്ലെ? "

അയ്യേ അവൾ എന്നെ പറ്റി പറഞ്ഞ കേട്ടില്ലേ, ചമ്മൽ തോന്നിയെങ്കിലും അവസാനം വായിച്ചപ്പോൾ എനിക്ക് സങ്കടം തോന്നി, ഇപ്പൊ നജീബു വളർന്നു എൻറെയത്ര ആയിട്ടുണ്ടാവുമോ ?

 "പിന്നൊരു ദിവസം അവളെഴുതി, ഇന്ന് സുധാകരൻ മാഷടെ അനുസ്മരണം ആയിരുന്നു, പാലത്തിന്റെ താഴത്തെ  പറമ്പിൽ  സമ്മേളനം ഉണ്ടായിരുന്നു.
എല്ലാവരും മാഷെ കുറിച്ച് നല്ലത് പറഞ്ഞു, മാഷ് കാരണം മരിച്ച നിന്നെ പറ്റി ആരുംഓർത്തതും കൂടിയില്ല ..........................
നീ വിഷമിക്കേണ്ട നിന്നെയോർക്കാൻ ഞാനുണ്ട് "

ഉച്ചക്ക് ശേഷം മഴ തകർത്തു പെയ്ത ഒരു ദിവസം ആണ് സുധാകരൻ മാഷ് നജീബിനെ 7 -അം ക്ലാസിനു പുറത്ത് നിർത്തിയത്, അവൻ മലയാളം പുസ്തകം കൊണ്ടുവരാത്തതിനു
അവനു പുസ്തകം ഉണ്ടായിരുന്നോ എന്ന് പുറത്ത് നിർത്തും മുൻപേ  മാഷിന് ഒന്നന്വേഷിക്കാമായിരുന്നു എന്നെനിക്കിപ്പോൾ തോന്നുന്നു.

തകർത്തുപെയ്യുന്ന മഴയെ കുറെ നേരം നോക്കി നിന്നിട്ട് അവൻ അതിലൂടെ ഇറങ്ങിപ്പോകുന്നത് ഞങ്ങളെല്ലാം കണ്ടതാണ്

പിന്നെ അന്ന് അവസാന പീരിഡ്  തുടങ്ങും മുൻപേ  ആണ് അറിഞ്ഞത്  നജീബു പള്ളിക്കൽ ആറിൽ  പാലത്തിന്റെ കീഴെ കക്കാവരാൻ ഇറങ്ങിയപ്പോൾ ചേറിൽ പൂണ്ടുപോയെന്നും,മരിച്ചെന്നും

ഞാനായിരുന്നു വിലാപ യാത്രയുടെ മുന്നിൽ റീത്തുമായി നിന്നത്

പിന്നീടുള്ള ദിവസങ്ങളിൽ റസിയയുടെ നാട്ടു വിശേഷം പറച്ചിലും കുടുംബ പുരാണങ്ങളും ഒന്നും അല്ലാതെ പ്രത്യേകിച്ച് ഒന്നും കണ്ടില്ല

ഇതുവരെ മറുപടി ഒന്നും എഴുതിയിട്ടില്ലെങ്കിലും അവൾ എന്നും ഓരോ വിശേഷങ്ങൾ  പറഞ്ഞുകൊണ്ടേയിരുന്നു.

നാളെ ഞാൻ മടങ്ങിപ്പോവുകയാണ്, ഇനി രണ്ടു കൊല്ലം കഴിഞ്ഞേ മടക്കം ഉണ്ടാവുള്ളൂ അതീ മണ്ണിലേക്ക് തന്നെ ആകണം എന്നുറച്ച്  എല്ലാം പെറുക്കി അടുക്കി വച്ച് കഴിയുമ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു.

അന്നുരാത്രി നജീബിന്റെ ഫേസ്ബുക്കിൽ റസിയ ഇങ്ങനെ എഴുതിയിരുന്നു

"നജീബെ ഇനി നിനക്കിങ്ങനെ മെസ്സേജ് അയക്കാൻ ഞാൻ വരലുണ്ടാവില്ല, ബഷീറിക്ക പറയുന്നത് ഞാനിനി അക്ഷയ സെന്ററിൽ പോകേണ്ടാന്നു, നമ്മുടെ നാട്ടിലും ഇന്റർനെറ്റ്‌ ഒക്കെ നിർത്തണം എന്നാണത്രേ അവരുടെ പാർട്ടി പറയുന്നത്,അതാണുപോലും എല്ലാത്തിനും കുഴപ്പം..............എന്ത് കുഴപ്പം എനിക്കറിയില്ല"

അവൾ തുടർന്നു പക്ഷെ,മുഴുവൻ വായിക്കാൻ എനിക്ക്  തോന്നിയില്ല തല ചുറ്റും പോലെ

ഇനി നിനക്ക് പ്രൈവറ്റ്‌ മെസ്സജ് കളും കമന്റ്‌ കളും അയക്കാൻ അവൾ വരില്ല

എനിക്കെന്തോ എന്റെ പ്രണയം നഷ്ടമായപോലെ തോന്നി,

ഞാൻ വഴിയിലേക്കിറങ്ങി നടന്നു, ഞങ്ങൾ ഈ വഴിയെ, വഴി എന്നല്ല വിളിക്കാറ് തോടെന്നാണ് , മഴപെയ്താൽ അതിലൂടെ വെള്ളം ഒഴുകും പിന്നെ മഴക്കാലം തീരും വരെയും അത് ഒരു ചെറിയ തോട് ആണ്, അതിന്റെ രണ്ടു വശവുമുള്ള ഉയർന്ന പറമ്പുകളിൽ നിറയെ മരങ്ങൾ വളർന്ന് നിന്നിരുന്നു, തോട്  തുടങ്ങിന്നടത്ത് ഒരുകൂട്ടം മഞ്ഞമുളകൾ , കിളിമരം, വളരെ പൊക്കത്തിൽ ഒരുമഞ്ചാടി ഇരുട്ട് മൂടിയ തോട് ചെന്നെത്തുന്നത് സ്കൂളിലേക്ക് പോകുന്ന പഴയ ചെമ്മണ്ണ്‍ പാതയിലാണ്, ആ വഴി ഒക്കെ ഇപ്പോൾ ടാർ ഇട്ടിരിക്കുന്നു,

സ്കൂളുകൾക്കിടയിൽ മതിൽ കെട്ടി തിരിച്ചിരിക്കുന്നു, മാവുകൾ രണ്ടും ഇപ്പോഴും ഉണ്ട്, അടുത്തിടെ സർക്കാർ നഷ്ടത്തിൽ പ്രവർത്തിക്കുന്നതെന്നു വിശേഷിപ്പിച്ച പാവം  സ്കൂളുകളുടെ  മ്ലാനത കൾക്കിടയിൽ കൂടി ആ വഴി പാലത്തിലേക്ക് ചെന്ന് ചേരുന്നു അവിടെ പള്ളിക്കൽ ആറ് ഇപ്പോൾ വീതി കുറഞ്ഞു  ഒഴുക്ക് നിലച്ചു കിടക്കുന്നു, പഴയ പ്രൗഡിയുടെ അടയാളം പോലും ഇല്ല.ഇവിടെയാണ്‌ നജീബു മുങ്ങി മരിച്ചതെന്നു പോലും വിശൊസിക്കാൻ പ്രയാസം.

ഈവഴി പാലത്തിൽ വന്നു ചേരുന്നിടത്താണ്, സുധാകരൻ മാഷ് ബസിടിച്ച് മരിച്ചത്

ഞാൻ പാലത്തിൽ കയറിയതും  നിനച്ചിരിക്കാതെ എങ്ങു നിന്നില്ലാതൊരു മഴവന്നു.

ഈ വേനലിൽ എവിടെ നിന്നാണിങ്ങനൊരു മഴ ? എൻറെ മേലേക്ക് മഴ കോരിചൊരിയുമ്പോൾ  , ഞാൻ തണുത്തു വിറക്കാൻ തുടങ്ങിയിരിക്കുന്നു,പാലത്തിൻറെ  കൈവരിയിൽ മുറുക്കെ പിടിച്ചിട്ടും താഴേക്ക്‌ വീണുപോകുമോ എന്ന് തോന്നി.

മിന്നലിൽ ആറ്റിലെ വെള്ളം തിളങ്ങുമ്പോൾ ഞാൻ കണ്ടു , എൻറെ ചങ്ങാതി  നീ മുങ്ങിമരിച്ചയിടത്ത്,  ആറിന്റെ അടിത്തട്ടിളക്കി ഒരുകൂട്ടം കക്കകൾ
ഇവിടെ എവിടെയോ നീയുണ്ട് , സോഷ്യൽ നെറ്റ്‌വർക്കിൻറെ ദൂരത്തോന്നും അല്ല കൈക്കുമ്പിളിൽ വാരിയെടുക്കാവുന്നത്ര അടുത്ത്.

മഴയിൽ കുതിർന്നു ഞാൻ നിൽക്കുമ്പോൾ, റസിയ ഇന്റർനെറ്റ്‌ നിഷേധിച്ച
അവളുടെഭർത്താവിന്റെ രാഷ്ട്രീയത്തോടു പോലും പരിഭവം ഇല്ലാതെ,
നജീബുണ്ടായിരുന്നെങ്കിൽ അവൾക്കു കിട്ടിയേക്കാമായിരുന്ന നല്ല കാലത്തെ താലോലിച്ചു മഴകൊടുത്ത തണുപ്പിലേക്ക് ചുരുണ്ട് കയറി.