Pages

Saturday, December 25, 2010

മഴവില്‍കാഴ്ചയ്ക്കപ്പുറം


 
"wow rainbow" ഇന്നു വയ്കുന്നേരം ഓഫീസ്ബസ്സ്‌ കാത്ത്‌ നില്‍ക്കുമ്പോഴാണ് എന്റെ ഹിന്ദിക്കാരി സുഹ്രുത്തു ഇങ്ങനെയുറക്കെ വിളിച്ചുപറഞ്ഞതു.
ശരിയാണു, മായാന്‍ തുടങ്ങുന്നൊരുമഴവില്ല്.........

നഗരത്തിന്റെ തിരക്കില്‍ ബസ്സ്‌ നിരങ്ങി നീങ്ങുമ്പോള്‍ ഞാനോര്‍ത്തതു ആ മഴവില്‍കാഴ്ച്ചയെപ്പറ്റിയായിരുന്നു, ഇന്നുകണ്ടതല്ല ഞാനൊരു കുട്ടിയായിരുന്നപ്പോള്‍ കണ്ടതു, പിന്നെയേറെ വളര്‍ന്നിട്ടും ഞാനാ ദിവസം മറന്നിട്ടേയില്ല.

അന്നൊക്കെ സ്കൂള്‍ വിട്ടു വരുമ്പോള്‍ ഞാന്‍ ഒറ്റക്കായിരിക്കില്ല, എന്നും എന്റെ കൂടെ അവനും ഉണ്ടാകുമായിരുന്നു. എന്റെ സുഹ്രുത്ത്‌,
സ്കൂളിലും,സ്കൂള്‍വഴി കളിലുമെല്ലാം ഞങ്ങളൊരുമിച്ചായിരുന്നു. വഴിമുഴുവന്‍ അവനെപ്പോഴും എന്തിനെക്കുറിച്ചെങ്കിലും പറഞ്ഞുകൊണ്ടേയിരിക്കും.

ആ വൈകുന്നേരം ഞങ്ങള്‍ , നേരത്തേയിരുട്ട്‌ വീഴാന്‍ തുടങ്ങുന്ന ഡിസംബര്‍നെ പഴിചാരിക്കൊണ്ടായിരുന്നു നടന്നതു. സ്കൂള്‍ വിട്ടു അങ്ങാടിയും കടന്നു പഞ്ചായത്തു റോഡിലെക്കിറങ്ങിയാല്‍ റയില്‍ ഗേറ്റ്‌ ആണു. തെക്കോട്ടു നീണ്ടു നിവര്‍ന്നുകിടക്കുന്ന ഒറ്റവരിപ്പാത.
അങ്ങു തെക്കു കണ്ണെത്തുവോളം റെയില്‍ പാത കാണാം ഒരു ഗോപി പൊട്ടു പോലെ അവസാനം ഇല്ലാതാകുന്നതും. അന്നു ഞങ്ങള്‍ വരുമ്പോള്‍ അവിടെ ചെറിയൊരാള്‍ ക്കൂട്ടം, അഴുക്കു പിടിച്ച ചുവപ്പും പച്ചയും കൊടി  പിടിച്ചഗേറ്റിലമ്മാച്ചനും പിന്നെ കശുവണ്ടി കമ്പനി വിട്ടു വന്ന കുറേ പെണ്ണുങ്ങളും.അവരൊക്കെ നോക്കി നിന്നതു അങ്ങു തെക്കൊട്ടാണ് അല്ലെങ്കിലും കാഴ്ചയുടെ മറവുകള്‍ പറ്റാത്തതും, നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്നതും തെക്കിൻറെ കാഴ്ചകള്‍ തന്നെയാണല്ലോ

അവിടെയാരൊ മരിച്ചുവത്രെ!!
തെക്കോട്ടു പൊയ മെയിലിന്റെ മുന്നില്‍ ചാടിപോലും.

ഇരുട്ടു വീഴാന്‍ കാത്തു നില്‍ക്ക്കുന്നുണ്ടായിരുന്നു, മഴയും!
ആരാവും മരിച്ചതു ? ഞാനൊ നീയോ അറിയുന്ന ആരെങ്കിലും? എന്തിനാവും? നമ്മളില്‍ ആരെങ്കിലും അറിയുന്ന എന്തിൻറെയെങ്കിലും പേരില്‍?ഇതൊക്കെ ഞാനും അവനും മനസ്സിനോടു പലവട്ടം ചോദിച്ചു.

ഒടുവില്‍ അവനാണു പറഞ്ഞതു നമുക്കൊന്നു പോകാം,ആരാണെന്നു നോക്കാം!നടന്നു തുടങ്ങുമ്പോള്‍ ദൂരത്തെക്കുറിച്ചാലോചിച്ചില്ല,സമയത്തെക്കുറിച്ചും.
വഴിനീളെ അന്നു നമ്മള്‍ മരണത്തെക്കുറിച്ചു, അത്മഹത്യയെപ്പറ്റിപ്പറഞ്ഞു,
ഒന്‍പതാം ക്ളാസ്സുകാര്‍ക്കു അറിയാവുന്നതൊക്കെപ്പറഞ്ഞു കൊണ്ടേയിരുന്നു!

നടക്കും തോറും അകലെ പൊട്ടു പോലെ കണ്ട ട്രയിന്‍ അകന്നു പോകുന്നപോലെ തോന്നി. ഇപ്പോള്‍ പാളങ്ങള്‍ കുന്നിടിച്ചുണ്ടാക്കിയ വിടവുകളില്‍ക്കൂടിയാണ് , പിന്നെയതു നെല്‍പ്പാടങ്ങള്‍ക്കിടയില്‍ മണ്ണിട്ടു പൊക്കിയ സ്ഥലങ്ങളിലൂടെയായി.
മഴ പെയ്യാന്‍ കാത്തുനില്‍ക്കുന്നു. ഇടക്കു അവന്‍ പലവട്ടം പറഞ്ഞു നമുക്കു തിരികെപ്പോകാന്നു, അപ്പോഴൊക്കെ ഏതായാലും ഇത്രെ നടന്നതല്ലെയെന്നു പറഞ്ഞു ഞാന്‍ അവനെ നിരുത്സാഹപ്പെടുത്തി.
പിന്നീടു നടന്നു കാലുതളര്‍ന്നതുകൊണ്ടാവാം, അല്ലെങ്കില്‍ അമ്മയെപ്പേടിച്ചിട്ടാവാം ഞാനും പറഞ്ഞു തിരികെപ്പോകാന്നു. ഇത്തവണ അവനെന്നെ വിലക്കി എതായാലും ഇത്ര നടന്നതല്ലെ, ഇനി നമുക്കതു കണ്ടിട്ടു തന്നെ വരാം!അമ്മയെ പേടിയാണെന്നും താമസിച്ചാല്‍ അമ്മ വഴക്കുപറയുമെന്നും പറയാനെനിക്കന്ന് ‌ മടിയായിരുന്നു.
ഇടക്കു പാളം മുറിച്ചുപോകുന്ന ചിലചെമ്മണ്‍ പാതകളിൽ അളുകള്‍ കൂടിനിന്നിരുന്നു, അവരൊക്കെ തെക്കോട്ടു നോക്കിയാണു നിന്നതു

അവരൊക്കെ പ്പറഞ്ഞതു ആ മരണത്തെപ്പറ്റിയായിരുന്നു . ഒന്നല്ല മൂന്നുപേരാണത്രെ, ഒരമ്മയും പിന്നെ രണ്ടു കുട്ടികളും..... !! ആള്‍ക്കൂട്ടങ്ങള്‍ പിന്നെ അവരവരുടെ വഴികളിലില്ലതായി.

Photo

ഇപ്പോള്‍ ഞങ്ങള്‍ക്കുമുന്നില്‍ പാളങ്ങള്‍മാത്രം, വശങ്ങളില്‍ നെല്‍പ്പാടങ്ങളാണു. അവിടെയെല്ലാം  വിജനവുമായിരുന്നു. ട്രെയിനും ചെറിയോരുആള്‍ക്കൂട്ടവും എല്ലാം ഇപ്പോഴും ദൂരെ തന്നെ. ഇടക്കു മഴത്തുള്ളികള്‍ വീഴാന്‍ തുടങ്ങി, ഞങ്ങളുടെ നടത്തത്തിനു വേഗവും കൂടി.
ഇപ്പോള്‍ ഞങ്ങള്‍ ഓടുകയായിരുന്നു. ട്രെയിനും ആള്‍ക്കൂട്ടവും അടുത്തുവന്നു. നെഞ്ചിടിപ്പിന്റെ വേഗവും കൂടി....
അവിടെ താഴ്ച്ചയാണ് ആഴത്തിലുള്ള കോള്‍ നിലങ്ങള്‍ക്കു മുകളിലൂടെയാണിപ്പൊള്‍ പാളങ്ങള്‍

അടുത്തൊന്നും വീടുകളില്ല.
ഇങ്ങനെയൊരുസ്ഥലത്ത്‌ ഈ അമ്മയും മക്കളും എന്തിനു വന്നു പെട്ടു?

ഇപ്പോ ഞങ്ങള്‍ക്കു മുന്നില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ആള്‍ക്കൂട്ടം ട്രെയിനുമുന്നിലാണു. ഒരുപാടുനീളമുള്ള ട്രെയിന്‍, ഞാന്‍ അതുവരെ നടന്ന ദൂരത്തേക്കാളും കൂടുതലുണ്ടായിരുന്നു ആ ട്രെയിനെന്നെനിക്ക്‌ തോന്നി.
മഴപെയ്യുന്നതു കൊണ്ടാവും യാത്രക്കാര്‍ കൂടുതലും അകത്തുതന്നെയിരുന്നു.
അവര്‍ വാച്ചില്‍ നോക്കുകയും മരിച്ചവരെ ശപിക്കുകയും ചെയ്തു. പലരും ചിന്തിച്ചതൊരുപക്ഷെ ഇവര്‍ക്കുമരിക്കാന്‍ വേറെ ട്രെയിനൊന്നും കിട്ടിയില്ലെയെന്നാവും.
ഇപ്പോള്‍ ഞങ്ങള്‍ ട്രെയിന്റെ മുന്നിലാണു. അവിടെയൊരുഭാഗത്തു ടെലഫോണ്‍ പോസ്റ്റ്നോടു ചേര്‍ന്നു എഞ്ചിന്‍ഡ്രൈവറും ഗാര്‍ഡും എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു. എല്ലാവരും അവര്‍ക്കു ചുറ്റും കൗതുകത്തോടെനിന്നു.
എവിടെയാണ്  മരിച്ചവര്‍ ?
ഞങ്ങള്‍ തീവണ്ടിക്കു  മുന്നിലും വശത്തും എല്ലം തിരഞ്ഞു. എങ്ങും അസ്വോഭിവികാമായി ഒന്നും കണ്ടില്ല. ഒടുക്കം ആരൊപറഞ്ഞു കേട്ടു,എറ്റവും പിന്നിലാണത്രെ, പിറകിലെ ബോഗ്ഗിയിലെടുത്തിട്ടുണ്ടെന്നു.

തിരികെ നടന്നു
ഞങ്ങള്‍ക്കു പിറകിലപ്പോഴും എഞ്ചിന്‍ഡ്രൈവർക്കു ചുറ്റും കഴ്ചക്കാര്‍നിന്നിരുന്നു.
പിന്നിലെക്കു നടക്കുമ്പോള്‍ എല്ലാ ബോഗികളിലും ആളുകള്‍ അക്ഷമരായി കാത്തിരിക്കുന്നെകണ്ടു .

ഏറ്റവും പിറകില്‍ ആളൊഴിഞ്ഞൊരു ബോഗി

അതിന്റെ വാതിലുകള്‍ ചാരിയിരുന്നു, അതില്‍ സമയത്തെപ്പഴിക്കാതെ മൂന്നുപേര്‍ . കാഴ്ച്ചക്കരില്ലാതെ അവര്‍ മൂന്നുപേരും കിടന്നു.

ഞങ്ങളിപ്പോള്‍ ആ ബോഗിക്കടുത്താണു,രണ്ടുപേരും  ഒന്നും പറഞ്ഞില്ല. കുറച്ചുനേരം അവിടെനിന്നു, പിന്നെ തിരികെ നടന്നു.
അത്ര ദൂരം വന്നതെന്തിനെന്നുപോലും മറന്നതുപോലെ!
കോള്‍നിലങ്ങള്‍ക്ക്മേലെ ഉയര്‍ത്തിക്കെട്ടിയ പാളങ്ങളിലൂടെ തിരികെ നടക്കുമ്പോള്‍ താഴെക്കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മായാന്‍ തുടങ്ങുന്നൊരു മഴവില്ലു
അന്നാദ്യമായാണു ഞാന്‍ മഴവില്ലു കാണുന്നത് , എന്നിട്ടും അതിനെന്തോ അത്ര സൗന്ദര്യം  തൊന്നിയില്ല.
ഞങ്ങള്‍ രണ്ടുപേരും അന്നെന്നല്ല പിന്നീടൊരിക്കലും ആ മഴവില്‍ക്കാഴ്ചയെപ്പറ്റി പറഞ്ഞിട്ടേയില്ല.
എനിക്കു പിന്നില്‍ അന്നു ഞങ്ങള്‍ മുഖം പോലും നോക്കാതെ ഉപേക്ഷിച്ചു വന്ന ആ അമ്മയും മക്കളും തന്നെയായിരുന്നു.

ആരായിരിക്കാം അവര്‍ ? ഒന്നു നോക്കെണ്ടതായിരുന്നു!
ഒരുപക്ഷെ നമ്മളറിയുന്ന......?  അടുത്ത ദിവസത്തെ പത്രങ്ങളിലും അവര്‍ തിരിച്ചറിയപ്പെടാത്തവരായി തുടര്‍ന്നു.
എനിക്കമര്‍ഷംതോന്നി എല്ലാവരും ഞങ്ങളെപ്പോലെ അത്രദൂരം നടന്നിട്ടു തിരികെ വന്നു കാണുമോ?
ഒരുപക്ഷെ അങ്ങനെ ആയിരിക്കാം,
മരണത്തിലെന്നപോലെ ജീവിതത്തിലും അവരെയാരും തിരിച്ചറിയാന്‍ ശ്രമിച്ചിട്ടുണ്ടാവില്ല. അതുകൊണ്ടാവാം അവര്‍ മരിച്ചതും !!
മഴവില്ലു കാണുമ്പോള്‍ മാത്രം ഞാനും അവരെ ഓര്‍ത്തു