Pages

Wednesday, October 28, 2015

Note on Frame - ആരാച്ചാർ

Note on Frame - ആരാച്ചാർ

"ഹിൽസ ഹിൽസയാകുന്നതു അതിന്റെ യാത്രകളിലൂടെയാണ് ... മുട്ടയിടാൻ സമുദ്രത്തിൽ നിന്ന് നദിയിലേക്കുള്ള യാത്ര. മുട്ടയിട്ടു കഴിഞ്ഞാൽ സമുദ്രത്തിലേക്ക് വീണ്ടും യാത്ര  ..." - ആരാച്ചാർ (Hangwoman), K R  meera.

നമ്മൾ  നമ്മളാകുന്നതും യാത്രകളിലൂടെയാണ്, ചരിത്രത്തിലേക്കും  വർത്തമാനത്തിലേക്കുമുള്ള യാത്രകളിലൂടെ. ആരാച്ചാർ സമ്മാനിക്കുന്നതും അത്തരം ഒരു യാത്രാനുഭവം ആണ്. ഗൃദ്ധാ മല്ലിക്കിന്റെ ആരാച്ചാർ കുടുംബ ചരിത്രത്തിൽ തുടങ്ങി, വയ്കി ഉണരുന്ന അലസയായ കൊൽക്കത്തയുടെ ചരിത്രത്തിലൂടെ, അതിനുമപ്പുറം ഇന്ത്യയുടെ ചരിത്രത്തിലേക്കും  വർത്തമാനകാലത്തിലേക്കും നീളുന്ന, കനൽ വഴി യാത്രാനുഭവങ്ങൾ .  നൂറ്റാണ്ടുകൾക്കു അപ്പുറത്തേക്കും  ഇപ്പുറത്തേക്കും  കയറിഴകൾ പിരിഞ്ഞു  പിരിഞ്ഞു നീളും പോലെ, കഥാകഥനത്തിൽ കാലം കെട്ടു പിണഞ്ഞു കിടക്കുന്നു, എന്നിട്ടും വായന ഒട്ടും ആലോരസപ്പെടുത്തുന്ന ഒന്നാവുന്നില്ല, മറിച്ചു അത്  കൂടുതൽ അനുഭവവേദ്യം ആകുന്നതേയുള്ളു .ഇന്നേവരെ ആരും നടന്നിട്ടില്ലാത്ത അനുഭവ വഴികളിലൂടെ ലോകത്തിലെ തന്നെ ആദ്യത്തെ വനിത  ആരാച്ചാർ ചെതനാദീ ക്കൊപ്പം നടന്നുതീരുമ്പോൾ, അതിഭാവുകത്വം  ആ കയറിൽ എങ്ങും മുഴച്ചു നിൽക്കുന്നില്ല . മറിച്ചു ആ  വായന കൂടുതൽ ഒഴുക്കുള്ളതാകുന്നു, ആരാച്ചാരുടെ കയർ പോലെ.



കുടുക്കിട്ടു വലിച്ചുകൊണ്ടുപോകുന്ന മരണവും പ്രണയവും ഇടകലർന്ന വഴികളിലാകെ  തുറിച്ചു നോക്കുന്ന രാഷ്ട്രീയസത്യങ്ങളും ചരിത്രങ്ങളുംഉണ്ട് , ദരിദ്രർക്ക്  എന്തിനു ചരിത്രം  എന്ന്  ചേതന ചോദിക്കുന്നുണ്ടെങ്കിലും ഈ ചരിത്രം ദരിദ്രരുടെത്  കൂടിയാണ് . അടിയന്തിരാവസ്ഥയെ കുറിച്ചുള്ള പരാമർശങ്ങളായാലും, ഒരു ടിവി സ്ക്രീനിൽ നൊടിയിട മാത്രം മിന്നി മറയുന്ന ഇസ്രത് ജഹാനായാലും ശക്തമായ ഓർമ്മപ്പെടുത്തലുകളാണ്. അത്ഭുതമെന്നു പറയട്ടെ ഇവിടെ എങ്ങും പക്ഷം പിടിക്കലുകൾ ഇല്ല.

രാജാവും, രാജ്ഞിയും വെള്ളക്കാരും, ജ്യോതി ബാബുവും ബുദ്ധദേവും മമതാദിയും ഭരിച്ച കൊൽകട്ടയുടെ തളർച്ചയും കിതപ്പും, വായിച്ചു തീർന്നാലും  നമ്മളെ വിട്ടു പോകുന്നില്ല; ചേതന നടന്നു തീർത്ത അനുഭവ വഴികളുടെ കിതപ്പും. ദുപ്പട്ട കൊണ്ട് ചെതനാദീ ഇടുന്ന ആദ്യത്തെ കുരുക്ക് വായനക്കാരിലാണ് വീഴുന്നത്. അത് കഥാന്ത്യം വരെയും, പിന്നെ അത് കഴിഞ്ഞും നമ്മളെ തളച്ച്ചിടുക തന്നെ ചെയ്യും.

കഥയെടുത്ത് മാറ്റുമ്പോൾ, KR Meera ഒരുക്കിയ കുരുക്ക് മുറുക്കുകയാണ്, ആണ്‍ഹുങ്കിന്റെ കഴുത്തിൽ, വാർത്തകൾ സൃഷ്ടിക്കുന്ന, കണ്ണുനീരും, പട്ടിണിയും, കലാപവും ആഘോഷിക്കുന്ന  മാധ്യമങ്ങൾക്ക് മേൽ...

എന്തുകൊണ്ടും വായിച്ചിരിക്കേണ്ട ഒരു നോവൽ തന്നെയാണ് ആരാച്ചാർ !

                                                                      

Monday, March 9, 2015

നിഴലിനെ കൊല്ലും മുമ്പ്

നിഴലിനെ കൊല്ലും മുമ്പ് നമുക്ക് ചോദിക്കാം, എന്തിനായിരുന്നു. എന്നിൽ നിന്ന് വളർന്നും എന്നിലേക്ക്‌ തളർന്നും, എന്റെ ഇടവും വലവും മുൻപും പിൻപും ഒപ്പവും നടന്നതെന്തിനെന്നു ? എന്റെ ഹൃദയത്തിന്റെ തുടിപ്പറിഞ്ഞും, എൻറെ ചിന്തകളുടെ രസം നുണഞ്ഞും എനിക്കൊപ്പം ഇരുളിലോളിച്ചും ഇത്തിരി വെളിച്ചത്തിൽ പല്ലിളിച്ച്ചും കാണിച്ചതെന്തിനെന്നു? എനിക്ക് നീയും, നിനക്ക് ഞാനും അസഹ്യമാകുമ്പോൾ, നിഴലേ, നിന്നെ ഞാൻ കൊല്ലും. എനിക്ക് കൂട്ടായിരുന്നതിനു, എന്നിലേക്ക്‌ ചേർന്ന് നിന്നതിനു എൻറെ സിരകളിലെ
നുര അറിഞ്ഞതിന്. നിലാവും നിലാവിൻറെ നിഴലും ഇണ ചേർന്ന രാത്രി എന്റെ നിഴലേ, നിന്നെയെനിക്ക് എന്നിൽ നിന്നടർത്തണം. എങ്കിലും, നിന്നെ കൊല്ലുകെയെന്നാൽ എന്നെ തന്നെ കൊല്ലുകയല്ലെ പക്ഷെ ?

Friday, October 3, 2014

പാവകളെ ദത്തെടുത്തവർ

പാവകളെ ദത്തെടുത്തവർ


"ശരത്തെ ആ ക്രെഡിറ്റ്‌ കാർഡൊന്ന്   തര്വോ ? ഒരു പശുനെ വാങ്ങാനാ "

"പശൂനെ, ക്രെഡിറ്റ്‌ കാർഡ്‌ കൊടുത്തു വാങ്ങയോ? എൻറെ രൂപേ നിൻറെ തലേല് നാളെ നമുക്കൊരു നെല്ലിക്കാതളം വച്ചാലോ ?" ഉണ്ടോണ്ടിരുന്ന ചോറ്  നെറുകയിൽ കയറി വരുത്തിവച്ച ചുമക്കിടയിലൂടെ അയാൾ ചോദിച്ചൊപ്പിച്ചു.

"ഉം.........ഇതേ ഫാം വില്ലയിലെ പശുവാ " അവൾ ലാപ്ടോപ്പിൽ നിന്ന് കണ്ണെടുക്കാതെ, പറഞ്ഞു. പിന്നെ "ഒരു തൈ നടാം നമുക്ക് അമ്മക്ക് വേണ്ടി,  ഒരു തൈ  നടാം കൊച്ച്മക്കൾക്ക് വേണ്ടി " എന്ന് തുടങ്ങുന്ന കവിത പാടി ലാപ്ടോപ് സ്ക്രീനിൽ തന്നെ കണ്ണ് നട്ടിരുന്നു .

ഈയിടെയായി അവളെപ്പോഴും ഫാം വില്ലയിലാണ് . ഫെയ്സ്ബുക്കിലെയൊരു കളിയാണത് .
അവിടെ നമുക്ക്  പശൂനേം, കോഴിയേം പന്നിയേം ചെമ്മരിയാടിനേം ഒക്കെ വളർത്താം. പിന്നെ മത്തങ്ങേം, തക്കാളിയും പൂവും,നെല്ലും ഗോതമ്പും കൃഷി ചെയ്യാം. മരങ്ങൾ  നടാം. ഒക്കെ വളര്ന്നു കഴിയുമ്പോൾ വിറ്റു പോയന്റ്സ്  ആക്കാം ആ പോയന്റ്സ് കൊടുത്തു വിത്തു വാങ്ങാം, വിതയ്ക്കാം.ഇനി പോയന്റ്സ് ഇല്ലേൽ ക്രെഡിറ്റ്‌ കാർഡിന്നു പണം കൊടുത്തും ഇതൊക്കെ വാങ്ങാം.നോക്കിയിരിക്കുമ്പോൾ പൂക്കളും ചെടികളും വളരും, പശുവിന്റെ അകിടിൽ പാൽ  നിറയും.
ഇടയ്ക്കു കോഴികളെ പിടിക്കാൻ മരങ്ങൾക്കിടയിലൂടെ  പതുങ്ങി പതുങ്ങി കുറുക്കൻ  വരും. അതിനെ ഓടിക്കണം, കൂടോരുക്കണം , വേലികെട്ടണം , പൂവ് പറിക്കണം.
കണ്ണിനും മനസ്സിനും ആനന്തം തരുന്ന ഒരു കളി. അല്ലാതെ ആ മത്തങ്ങ എടുത്തു ഉച്ചക്ക് ഒരു എരിശ്ശേരി ഉണ്ടാക്കനൊന്നും പറ്റില്ല.

"നീ കിടക്കാൻ വരുന്നുണ്ടോ?" കയ്യ് കഴുകി തിരിഞ്ഞു നടക്കുന്നതിനിടയിൽ ശരത്  അവളോട്‌ ചോദിച്ചു.

"ഇല്ല ഞാൻ കുറച്ചു ക്വോളി ഫ്ലവർ നട്ടിട്ടുണ്ട് അരമണിക്കൂർ കൂടി കഴിഞ്ഞാൽ എനിക്കത് പിച്ചാം, 10000 പോയന്റ്സ് ആക്കിയിട്ടു വേണം പുള്ളി പശൂനെ വാങ്ങാൻ,ക്രെഡിറ്റ്‌ കാർഡ്‌ ചോദിച്ചിട്ട് തന്നില്ലല്ലോ, ഞാൻ അധ്വാനിച്ചുണ്ടാക്കിക്കോളം"

ഫോം ബെഡിലെക്ക്  അയാളമരുമ്പോൾ അവൾ വിളിച്ചു പറഞ്ഞു "3 മണിക്കൊരു അലാറം വച്ചേക്കണേ എനിക്കീ ഷീപ്പിന്റെ രോമം എടുക്കാനുള്ളതാ"

"ആ വച്ചേക്കാം " അയാളുടെ ശബ്ദം കമ്പിളി പുതപ്പു തലവഴിയെ മൂടുന്നതിനിടയിൽ മുങ്ങിപ്പോയി .

11 - അം നിലയിലെ വണ്‍ ബെഡ് റൂം ഫ്ലാടിൽ, പിന്നീട് പല രാത്രികളിലും  ലാപ്ടോപ് സ്ക്രീനിൽ നിന്ന്  പശുക്കളും ടർക്കി കോഴികളും, ചെമ്മരിയാടുകളും ഇറങ്ങി നടക്കുന്നതായി അയാൾക്ക്‌ തോന്നി.

ശരത് ഓഫീസിൽ പോയിക്കഴിഞ്ഞാൽ രൂപ തന്നെ ഉള്ളു ആ വീട്ടിൽ. ഗ്ലാസ്‌ ജനലിൽ കൂടി താഴേക്ക്‌  നോക്കിയാൽ  കൂറ്റൻ കെട്ടിടങ്ങൾക്കിടയിൽ നിര നിരയായി കിടക്കുന്ന കാറുകൾ കാണാം പിന്നെ ഒരിത്തിരി സ്ഥലത്ത് രണ്ടു ഈന്ത പനകളും. നോക്കിനിന്നാൽ അധികനേരം ഒന്നും വേണ്ടായീമരുഭൂമി നഗരത്തിൻറെ കാഴ്ചകൾ മടുക്കാൻ.

ശരത്തിനു അവളുണ്ടാക്കുന്ന ഭക്ഷണത്തിലും വലിയ താല്പര്യം ഇല്ലാത്തതിനാൽ അടുക്കളയിലും അധികം ജോലി ഒന്നും ഇല്ല. വല്ല രണ്ടു മിനിട്ട് നൂടിൽസോ ഇൻസ്റ്റന്റ് ഇടിയപ്പമോ ഉണ്ടാക്കി വേഗം ലാപ്ടോപ്പിന് മുന്നിലേക്കെത്തും അവൾ .
ഒരു ദിവസം നൂഡിൽസ് കരിഞ്ഞു പുകയും മണവും പരന്നപ്പോൾ അടുത്ത ഫ്ലാറ്റിലെ തടിച്ചി പലസ്തീനിയൻ അമ്മായി അവളെ ചീത്ത വിളിക്കാൻ വന്നതൊഴിച്ചാൽ ആ വീട്ടിൽ അതിഥികളാരും വന്നിട്ടേ ഇല്ല.

ലാപ്ടോപ്പിലെ ഫാമിൽ തെളിയുന്ന പച്ചപ്പു, പിന്നെ അതിൽ നിന്ന് വരുന്ന കിളികളുടെ ശബ്ധം പശുവിൻറെയോ ഷീപ്പിന്റെയൊ  കരച്ചിൽ ആകെ ആശ്വാസം ഇപ്പോഴതൊക്കെയുള്ളൂ. എന്തിനധികം ഉറക്കത്തിലും ഫാം വില്ല തന്നെ അതുകൊണ്ടാണല്ലോ  ഒരിക്കൽ ശരത് കേട്ടിപിടിച്ചപ്പോൾ അയ്യോ കുറുക്കൻ വന്നേ എന്ന് പറഞ്ഞവൾ നിലവിളിച്ചത്.

പക്ഷെ മാസത്തിലെ ചില ദിവസങ്ങളിൽ  രൂപയ്ക്ക് ഫാംവില്ല ആശ്വാസം ഒന്നും അല്ല, അന്നവൾക്കു വയറു വേദനിയ്ക്കും,  ഒറ്റപെടൽ, തനിക്കിതുവരെയും ഒരു കുട്ടി ആയില്ല  എന്നസങ്കടങ്ങൾ.
കണ്ണീരു കലർന്ന, സങ്കടങ്ങളുടെ ആവർത്തനം കൊണ്ട്  മൂടികെട്ടിയ അത്തരം ആർത്തവ ദിവസങ്ങളിൽ ഒന്നിലാണ് അവൾക്ക് ഫാം വില്ല മടുക്കുന്നതും സൈബെറിന്റെ സാങ്കല്പികതയിലെവിടെയെങ്കിലും ഫാം വില്ലയിലെ പശുക്കളെ പോലെ  കുറെ കുട്ടികളുണ്ടായിരുന്നെങ്കിൽ, അവരിലോന്നിനെ തന്റെ മകളാക്കി, തനിക്കു ഈ ലാപ്ടോപ് സ്ക്രീനിലെങ്കിലും ഓമനിക്കാൻ കഴിഞ്ഞെങ്കിലെന്നു ആഗ്രഹിക്കുന്നതും.

പിന്നിടുള്ള ദിവസങ്ങളിൽ അവൾ ഇന്റർനെറ്റിൽ അന്വേഷിച്ചതും അത്തരം ഒന്നിന് വേണ്ടി ആയിരുന്നു.

എങ്ങനെയാണ്  അവൾഅത്  കണ്ടെത്തിയത് ?  നിസ്സഹായത കലർന്ന, കണ്ണുനീരിന്റെ നനവുള്ള കുട്ടികളുടെ ചിത്രങ്ങൾ, പേജ് കളിലൂടെ  കണ്ണോടിക്കുമ്പോൾ കുട്ടികളുടെ ഫോട്ടോ കാണുമ്പോൾ അവൾക്കു തോന്നി തുടങ്ങി തനിക്കു വേണ്ടത് ഈ വെബ്‌സൈറ്റിൽ ഉണ്ടെന്നു.
എവിടെയോ കിട്ടിയ ഒരു ലിങ്ക് അതവളെ അന്ന് ഫാം വില്ലയിൽ നിന്നകറ്റി. പിന്നീടവളുടെ മനസ് നിറയെ കരഞ്ഞു കലങ്ങിയ കണ്ണുകളുള്ള കുട്ടികളായിരുന്നു, എല്ലാവരിലും വല്ലാത്ത നിസ്സഹായത എന്നിട്ടും എന്തോ കണ്ണുടക്കിയത്  ദയ യുടെ ചിത്രത്തിലാണ്
ദയ, 11 വയസു
കറുത്ത് മെലിഞ്ഞ ദയ, കണ്ണുനീര് തൊർന്നിട്ടില്ലാത്ത ദയ.
അവളുടെ ചിത്രത്തിന് താഴെ വലിയ അക്ഷരങ്ങളിൽ എഴുതിയിരുന്നു "mamma, virtually adopt me,  "

ആ ഫ്ലാറ്റിൽ  അന്ന് ഫാം വില്ലയിലെ ചെമ്മരിയാടുകൾ കരഞ്ഞില്ല, പകരം ഏതൊക്കെയോ കോണിൽ ഇരുന്നു ദയ കരയുന്നതായി രൂപ ക്ക് തോന്നി
അടുത്ത ദിവസം രാവിലെ അവൾ കുളിച്ചു ലാപ്ടോപ്പിന് മുന്നിലിരിക്കും മുൻപേ തീരുമാനിച്ചിരുന്നു ഇന്ന്  ദയയെ ദത്തെദുക്കുക തന്നെ ചെയ്യണം.
പക്ഷെ പേജുകളിലൂടെ കണ്ണോടിക്കുമ്പോൾ അവളറിഞ്ഞു ദയെ ദത്തെടുക്കാൻ ലക്ഷങ്ങൾ വേണം.അതൊന്നും അവൾടെ കയ്യില ഇല്ല
ശരത്തിനോട്  ചോദിച്ചാൽ..... ? അയാൾടെ കയ്യിലും അത്രെ ഒന്നും ഉണ്ടാവില്ല.
പണ്ട്  കാൾ സെന്റെർ ലെ ജോലി ഉപേക്ഷിച്ചു ശരത്തിനൊപ്പം പോരുമ്പോൾ ക്ളോസ് ചെയ്യാനെഴുതികൊടുത്ത പി എഫ്   ലെ വക 8000 രൂപ, അതേ അക്കൗണ്ടിലുള്ളു .
അതെങ്കിൽ അത്.
അത്രയും വെബ്‌സൈറ്റിൽ കണ്ട അഡ്രസ്‌ ലേക്ക്  ട്രാൻസ്ഫർ ചെയ്തിട്ട്  അവൾ ഫാം വില്ലയിലേക്ക് ഒരുപാടുനാളുകൾക്കു ശേഷം ഒന്ന് കയറി.

അകിട് വീർത്ത്  നിൽക്കുന്ന പശുക്കൾ, കരിഞ്ഞുണങ്ങിയ സൂര്യകാന്തികൾ, അഴുകി തുടങ്ങിയ ക്വോളി ഫ്ളവർ, കാട് പിടിച്ച  സ്ക്രീനിൽ  അവൾക്കു താൽപര്യം ഒന്നും തോന്നിയില്ല ലാപ്ടോപ് അടച്ചുവച്ച് പകുതിമാത്രം തുറക്കാൻ പറ്റുന്ന ജനലിൽ കൂടി അവൾ താഴേക്ക്‌ നോക്കി.വിരസത മാത്രം വഴി നടക്കുന്നത് കണ്ടു പിന്നെ സ്വൊന്തം ദുഖത്തിലേക്ക് തന്നെ മടങ്ങി,
കുറെ നേരം അഭയ സ്വൊർഗത്തിന്റെ വെബ്സൈറ്റിൽ  ദയെ  നോക്കിയിരുന്നു.

അടുത്ത ദിവസം അവൾക്കൊരു  മെയിൽ കിട്ടി അതിൽ 8000 രൂപ കിട്ടിയെന്നും അതിൻറെ നന്ദി ക്കൊപ്പം താങ്കൾക്കും താങ്കളുടെ കുടുംബത്തിനുമായി പ്രാർഥിക്കുന്നെന്നും പിന്നെ ദയവായി ദയെ ദത്തെടുക്കാനും അപേക്ഷിചിചിരിക്കുന്നു, അവൾക്കൊരു സ്പോണ്‍സർ ഇല്ലാത്തതിനാൽ ഇതുവരേം സ്കൂളിൽ പോയിട്ടില്ലത്രെ.
രണ്ടു വർഷത്തേക്ക് അവളുടെ സകല ചിലവുകളും കൂടി ഒരു വെറും ലക്ഷംരൂപയെ ഉള്ളു പോലും !!

പറയുമ്പോൾ വെറും ഒരു ലക്ഷം എന്നൊക്കെ പറയാം, 1 ലക്ഷം   എവിടുന്നു കിട്ടാൻ? രൂപയ്ക്കു അതൊക്കെ വല്ലാത്ത വലിയ സംഖ്യയാണ്.

വീണ്ടും വിരസകാഴ്ചകളുടെ ജനാലക്കലേക്ക്  തന്നെ അവൾ മടങ്ങി.

അന്ന് രാത്രിയാണ് അവൾ ശരത്തിന്റെ ക്രെഡിറ്റ്‌ കാർഡ്‌ നമ്പർ കാണാതെ പഠിച്ചത്
ഉന്മാദം പടർന്ന രാത്രി
അവൾക്കറിയാം, ക്രെഡിറ്റ്‌  കാർഡിൽ നിന്ന് അഭയ സ്വൊർഗത്തിനു സംഭാവന ചെയ്തതെന്ന് ശരത്  അറിയുമ്പോൾ വഴക്ക് പറയും, അവൾ കരയും, കരഞ്ഞു തളർന്ന് അയാളോട് ചേർന്ന്  കിടക്കും. അയാളാകട്ടെ അപ്പോൾ പതിവ് പോലെ ഏതെങ്കിലും പുസ്തകത്തിൽ മുഖവും മനസും പൂഴ്ത്തി കിടക്കും

 അതൊക്കെ തന്നെയാണ്  അടുത്ത ദിവസങ്ങളിൽ  സംഭവിച്ചതും

പിന്നെ അവരതിനെ കുറിച്ചു ഓർക്കാത്ത, അല്ലേങ്കിൽ ഓർക്കനിഷ്ടപ്പെടത്ത്ത രണ്ടു ദിവസങ്ങൾ കഴിഞ്ഞു.
ശരത്  മിണ്ടാതായതിന്റെയും.

ഒരു രാത്രി അവൾ കിടക്ക വിരിക്കുമ്പോൾ ശരത് തന്നെ പിണക്കം മറന്നു പറഞ്ഞുതുടങ്ങി  "നമ്മുടെ നസീമിനെ ഓർമയില്ലേ, ആ കൊച്ചീക്കാരൻ പോലീസ് ?അവനിപ്പൊ  സൈബർ സെല്ലിലാ ,അവനൊന്നന്വേഷിച്ചിരുന്നു. ആ അഡ്രെസ്സ് തെറ്റാണു,പക്ഷെ അഭയ സ്വൊർഗം എന്ന പേര് ശരിയാണ് "

"ഇതാ ശരിക്കുള്ള അഡ്രെസ്സ് ഈ അഡ്രസിലാണ് അവരിന്റെർനെറ്റ്  കണക്ഷൻ എടുത്തിരിക്കുന്നത് " അവൾക്കു നേരെ അയാൾ മൊബൈൽ നീട്ടി

"ഏതായാലും നീ അത് വിട്ടേക്കു, 1 ലക്ഷം രൂപ പോയീന്നു വച്ചേക്കാം, ഇനി ഇതുപോലെ മണ്ടത്തരം  ഒന്നും കാട്ടാതിരുന്നാൽ മതി" അയാൾ ഒരു നിശ്വോസത്തോടെ കിടന്നു. പക്ഷെ ശരത്  പറഞ്ഞതൊന്നും അവൾ കേട്ടില്ല, അവളാഅഡ്രസ്‌ കാണാതെ പടിക്കയായിരുന്നു, അവളുടെ മനസപ്പോഴും പറഞ്ഞുകൊണ്ടിരുന്നു അതൊന്നും തട്ടിപ്പല്ല അഭയസ്വൊർഗം ഉണ്ട്, ദയ അവിടെ വളരുന്നുണ്ട്‌.

അന്ന് രാത്രി അവൾ അസ്വോസ്തയായിരുന്നില്ല സുഖമായുറങ്ങി.
നഷ്ടപെട്ട ഒരുലക്ഷം രൂപയെ കുറിച്ച്ഓർത്തു ശരത്തിനു അന്നും ഉറക്കം വന്നില്ല. അയാൾ തിരിഞ്ഞും മറിഞ്ഞും കിടന്നു.

ആഴ്ച ഒന്ന് കഴിഞ്ഞു. ഫാം വില്ലയിലെ പശുക്കളെ രൂപ ഓർത്തതേയില്ല. ശരത്  നഷ്ടപെട്ട ഒരുലക്ഷവും  മറന്നും തുടങ്ങിയിരിക്കുന്നു.

കാഞ്ചൻ കുൽക്കർണിയുടെ മോൾടെ ബർത്ഡെ  പാർട്ടി കഴിഞ്ഞു വന്ന രാത്രി, വിസ്കിയുടെ മണമുള്ള ശരതിനോടവൾ പറഞ്ഞു, ഒന്ന് നാട്ടിൽ പോകണം അമ്മയ്ക്ക്  വയ്യ, ഞാൻ ഒരു രണ്ടാഴ്ച അവിടെപോയി നിന്നോട്ടെ ?

നാളെ നമുക്ക് ടിക്കറ്റ്‌ നോക്കാം എന്നയാൾ പറഞ്ഞപ്പോൾ അവൾ മനസ്സിൽ പോണ്ടിച്ചേരിയിലെ അഭയസ്വോർഗതിലേക്കുള്ള യാത്ര പ്ളാൻ ചെയ്യുകയായിരുന്നു

പിന്നെയുള്ള ദിവസങ്ങളിൽ രൂപ ശരിക്കും നിമിഷങ്ങൾ എണ്ണി തന്നെയാണ് ജീവിച്ചത്  എന്തിനു നാട്ടിലെത്തിക്കഴിഞ്ഞും അമ്മക്കൊപ്പം വീട്ടിൽ ഒരുദിവസം നിന്നത്  കടിച്ചു പിടിച്ചാണ് . അടുത്ത ദിവസം കൂട്ട്കാരിയുടെ കല്യാണംഎന്നു പറഞ്ഞു പോണ്ടിച്ചേരിക്ക്  ട്രെയിൻ കയറുകയും ചെയ്തു
വഴികളൊന്നും അവൾക്കറിയില്ലായിരുന്നു എന്നിട്ടും ഇറങ്ങി പുറപ്പെട്ടു.

കോയമ്പത്തൂര്  പണ്ട് രണ്ടു വർഷം  MBA പഠനത്തിനു പോയതൊഴിച്ചാൽ രൂപ അതിനപ്പുറത്തേക്കെങ്ങും പോയിട്ടേ  ഇല്ല, ഇപ്പോഴാണ്‌  അറിയാ വഴികളിലൂടെ ഒരു സഞ്ചാരം.

ഏതാണ്ടൊരുച്ച നേരത്ത് അവൾ  പോണ്ടിചെരിയിൽ ട്രെയിനിറങ്ങി പിന്നെയവിടുന്നു ബീച്ച് റോഡിൽ എത്തി, ബീച്ചിനടുത്തെ കഫെ ഫ്രഞ്ചൊയ്ക്ക്  മുന്നിൽഏറെ നേരം ഒരു ഓട്ടോറിക്ഷയ്ക്കായി കാത്തിരുന്നു
അവൾക്കു കാത്തിരിക്കാൻ വയ്യായിരുന്നു
പിന്നെ ഫ്രഞ്ച് എംബസ്സിക്ക്  വശത്ത് കൂടിയുള്ള വൃത്തിയുള്ള വഴിയെ നടന്നു.
റോഡിനിരുവശവും ഫ്രെഞ്ച് ഭംഗിയുള്ള എടുപ്പുകൾ, മഴ ചാറുന്ന നേരത്ത് വലിയ ജനാലയ്ക്കൽ  ബിയർ നുണഞ്ഞിരിക്കുന്ന വിദേശ ദമ്പതികൾ, അരബിന്ദോ ആശ്രമം, തണൽ  മരങ്ങൾ , പൂക്കൾ  അങ്ങനെ അങ്ങനെ നടന്നു പോകുന്ന വഴികളിൽഭംഗിയുള്ള കാഴ്ചകൾ ഒരുപാടുണ്ടായിരുന്നു. രൂപ അതൊന്നും കണ്ടില്ല അവൾക്കിപ്പോൾ  വേഗത്തിൽ നടക്കാൻ മാത്രമേഅറിയു.
നടക്കും തോറും വൃത്തിയുള്ള വഴികളുടെ വൃത്തി കുറഞ്ഞു വന്നു
എടുപ്പുകളുടെ പൊക്കം കുറഞ്ഞു പായാൽ പിടിച്ചു തുടങ്ങിയിരിക്കുന്നു , ഭംഗിയുള്ള വഴിയും കാഴ്ചകളും അവസാനിക്കുന്നത്‌ മധ്യവര്ഗത്തിന്റെ ഇടുങ്ങിയ തെരുവുകളിലാണ്
ഇവിടെയെവിടെയോ ആണ് അഭയ സ്വൊർഗം

flat number 4d
Alba enclave
2nd street ,amman  kovil  road ,ഇങ്ങനെതന്നെ ആണ് അന്ന് ശരത്തിന്റെ മൊബൈലിൽ കണ്ട അഡ്രസ്‌
പായൽ പിടിച്ച പകുതി പൊളിഞ്ഞ ഒരു മതിൽ  കെട്ടിനപ്പുറം പിണങ്ങി പെയ്യുന്ന മഴയിൽ  ആ അഡ്രസുള്ള അഭയ സ്വൊർഗം ഉണ്ട് , അതിന്റെ മതിലിലെ കറുത്ത പായൽ മറയ്ക്കാത്ത മാർബിൾ കഷ്ണത്തിൽ അവൾ കണ്ടു Alba enclave, താഴെ കാർ പാർക്കിങ്ങും  അതിനു മേലെ നാല് നില കളുമുള്ള നിറം മങ്ങിയ ഒരു ഫ്ളാറ്റ് .
വലിയൊരു പൂക്കൂടയുമായി ഒരു പെണ്‍കുട്ടി ഗേറ്റിനപ്പുറം നിന്ന് "അക്കമല്ലിപ്പൂ" എന്നുറക്കെ വിളിച്ചു , പൂവ് വാങ്ങാനവാം മൂന്നാം നിലയിൽ നിന്ന്  ഒരു ചെറിയ സഞ്ചി താഴ്ന്നു വന്നു

രൂപ,പൂട്ടിയിട്ടില്ലാത്ത്ത ഗേറ്റ് തള്ളി തുറന്നപ്പോൾ താഴത്തെ കാർ പോർച്ചിൽ കിടന്ന  ഒബെസിറ്റി പിടിച്ച ഒരു ലാബർ ഡോഗ് അവൾക്കു നേരെ ഒന്ന്  തലപൊക്കി നോക്കി പിന്നെ അത്  അതിന്റെ അവശതയിലേക്ക് തന്നെ തല ചായിച്ചു വച്ചു കിടന്നു

4d , ചിലന്തി വല കെട്ടി തുടങ്ങിയ സ്വൊർണനിറമുള്ള ഫലകത്തിൽ കറുത്ത അക്ഷരങ്ങളിൽ അഭയസ്വൊർഗമെന്നെഴുതിയിരുന്നു
ഇവിടെയാണ്‌ ദയ
അവളുടെ നെഞ്ചിടിപ്പിന്‌ വേഗം കൂടി................
ഒരുബെല്ലിനും പിന്നത്തത്തിനും ആരുംതുറക്കാതിരുന്നപ്പോൾ അവൾ വല്ലാതെഭയക്കാൻ  തുടങ്ങി പിന്നെ വെളുത്തു കൊലുന്നനെയുള്ള ഒരു 30 കാരാൻ വാതിൽ തുറക്കും വരെയും ആ ഭയം അവളെ പിന്തുടർന്ന്.

"അഭയ സ്വൊർഗം ?? ദയയെ  കാണാൻ ............." അവളുടെ ശബ്ദം വിറച്ചു
"മാഡം വന്നാലും, രൂപയല്ലേ, വരുവെന്നെനിക്കറിയാരുന്നു . ദയ അവൾടെ അമ്മയെ കാത്തിരിക്കുവാ  ", ആ പൊക്കമുള്ള ചുരുണ്ട മുടിക്കാരന്റെ ശബ്ദം ലോഹ പാത്രങ്ങൾ പോലെ കിലുങ്ങി.
രൂപ  അകത്തു കയറി
ആ മുറിയിൽ പുക നിറഞ്ഞിരുന്നു ഒപ്പം കിഷോർ കുമാർന്റെ ശബ്ദവും, മുറിയുടെ ബാല്കണിയിലേക്ക്  തുറക്കുന്ന ഭാഗത്ത് ചെമ്പൻ മുടിയുള്ള മറ്റൊരു ചെറുപ്പക്കാരൻ ആകാശത്തേക്ക് പുകയൂതി രസിക്കുന്നുണ്ടായിരുന്നു, മുറിയിലാകെ പരിചയം ഇല്ലാത്ത, വല്ലാത്തൊരു പുക മണം . ഫാം വില്ലയിൽ കഞ്ചാവ് ചെടികൾ ഇല്ലാത്തതിനാൽ ചെമ്പൻ മുടിക്കാരൻ വലിച്ചതു കഞ്ചാവ് ആണെന്ന് രൂപയ്ക്കു മനസിലായതും ഇല്ല.

നീളമുള്ള ചെറുപ്പക്കാരൻ അവളെ അകത്തേക്ക് ആനയിച്ചു പിന്നെ അവൾക്കു  കുടിക്കാൻ തണുത്ത ലസ്സി കൊടുത്തു, അപ്പോഴും രൂപയുടെ കണ്ണുകൾ ദയക്ക് വേണ്ടി തിരയുകയായിരുന്നു. അവിടെയെങ്ങും കുട്ടികൾ ആരും ഉള്ളതായി അവൾക്കു തോന്നിയില്ല, പേടി തണുത്ത ലസ്സിക്കൊപ്പം അവളിലേക്കിറങ്ങി.

"രൂപ വരൂ, നമുക്ക് കുട്ടികളെ കാണാം " കിലുക്കമുള്ള ശബ്ദത്തിൽ അയാൾ പറഞ്ഞു കൊണ്ട് അകത്തെ മുറിയിലേക്ക് നടന്നപ്പോൾ അവൾക്കു ആശ്വോസമായി, ഒപ്പം വല്ലാത്ത ആകാംഷയും അവളിൽ വളർന്നു.

വലിയൊരു മുറിയുടെ ഒത്ത നടുക്കായി വളരയധികം ഗ്ളാസ് തട്ടുകളുള്ള ഒരുചതുര അലമാര അതിനാവട്ടെ അവളെക്കാളും, അയാളെക്കാളും പോക്കമുണ്ടായിരുന്നു .
അയാൾ ഇരുവശവും തുറന്ന ആ ഗ്ളാസ് അലമാരയുടെപിറകിൽ നിന്നുകൊണ്ട് അതിനെ മൂടിയിട്ടിരുന്ന നേർത്ത സിൽക്ക്  തുണി എടുത്തു മാറ്റി.

അതിൽ നിറയെ പാവകൾ, താഴത്തെ നാല് തട്ടിലും കുറെ കുഞ്ഞു പാവകൾ ആണും പെണ്ണും ഉണ്ട്. അതിനു മുകളിലെ തട്ടിൽ നഗ്നയായ ഒരു ബാർബി ,പിന്നെ അതിനു മുകളിലത്തെ തട്ടിൽ ഒരു തടിയൻ വെള്ള പഞ്ഞിപ്പാവ.

രൂപയ്ക്കൊന്നും മനസിലായില്ല, എവിടെയാണ് കുട്ടികൾ, ഇതവരുടെ കളിപ്പാവകൾ ആണോ ?

അയാൾ അലമാരക്ക്  ചുറ്റും നടന്നുകൊണ്ടാവളോട് പറഞ്ഞു "രൂപ നിങ്ങൾ ദയെ കാണും മുന്പേ  ഇവനെ കാണേണം" എന്നിട്ട് അയാൾ  ആ തടിയൻ  തൂവെള്ള പഞ്ഞി പാവയെ കയ്യിലെടുത്തു അതിന്റെ കുഞ്ഞുതലയിൽ  തലോടി.

"ഇവനാണ് അഭയ സ്വൊർഗത്തിന്റെ ഐശൊര്യം !!, രൂപയ്ക്ക് അറിയോ കഴിഞ്ഞ അഞ്ച്  വർഷമായി  ഇവന് സ്പോണ്‍സർ ഉണ്ട് 4  ലക്ഷം  രൂപ വീതം ആണ് ഇവന്റെ  പേരിൽ വർഷാ വർഷം വരുന്നെ  "
പിന്നെ ശബ്ദം അടക്കി  പിടിച്ച് പറഞ്ഞു "സ്പോണ്‍സർക്ക് ഇവനൊരു പ്രായശ്ചിത്തം ആണ് രണ്ടാം മാസം ഭാര്യേടെ അടിവയറ്റിൽ ചവുട്ടി ഗർഭം കലക്കിയെന്റെ പ്രായശ്ചിത്തം "

പിന്നെ താഴയുള്ള തട്ടുകളിലെ നൂറുകണക്കിന് വരുന്ന കുഞ്ഞു പാവകളെ ചൂണ്ടി അയാൾ പറഞ്ഞു ഇവരൊക്കെ 80 -സി പാവകളാണ്, ടാക്സ്  സേവേർസ്  !!, ഓരോതെരുടെം പേരിൽ 5000 മുതൽ 50000 വരെ ഒക്കെ കിട്ടും, ഇന്നത്തെ കാലത്തെ കാശുള്ള ചെറുപ്പക്കാരുടെ ഒരു ശീലം ആണിത് , നല്ല പ്രവർത്തി ചെയ്യുക, ടാക്സ് സേവ് ചെയ്യുക, ഞാൻ എല്ലാത്തിനും കൃത്യമായി രസീത്  അയച്ചു കൊടുക്കും അവരതൊക്കെവച്ച് ടാക്സും സേവ് ചെയ്യും, പക്ഷെ ആരും ഈ കുട്ടികളെകാണാനൊന്നും  വന്നിട്ടേ ഇല്ല  "

രൂപയ്ക്ക് തല ചുറ്റുന്ന പോലെ തോന്നി.

അയാൾ നഗനയായ ബാർബി യുടെമാറിൽ വിരലുകൾ കൊണ്ട് തലോടി കൊണ്ട് പറഞ്ഞു "ദയ ഇവളാണ്  ഭാഗ്യവതി , ആദ്യമായാണീകുട്ടികളിൽ ഒരാളെ അന്വേഷിച്ചു ഒരു സ്പോണ്‍സർ വരുന്നേ !!  "

അലമാരക്കെതിർവശത്ത് നിക്കുന്ന  അയാളുടെ മുഖം ഗ്ലാസ്‌  തട്ടുകൾക്കിടയിലൂടെ  രൂപക്കിപ്പോൾ ശരിക്കും കാണാം

അയാൾ നഗ്നയായ ബാർബിയുടെ മേൽ  ചുണ്ടുകളമർത്തി, പിന്നെ പതിഞ്ഞ സ്വൊരത്തിൽ പറഞ്ഞു  "സുന്ദരിയാണീ  ദയ , അവളുടെയീ സുന്ദരി കുട്ടി അമ്മയെ പോലെ , ഇനി എങ്ങട്ടേക്കും വിടില്ലയീ അമ്മയേ  "

രൂപ സർവ ശക്തി യുമെടുത്ത്  ആ ഗ്ളാസ്  അലമാരയിൽ  തള്ളി, ഭാഗ്യം അതയാളുടെ മേലേക്ക് വീണു പക്ഷെ പാവം പാവകൾ താഴെ വീണു ചിതറി. രൂപ വേഗത്തിൽ തിരിഞ്ഞോടി മുൻവശത്തെ വാതിൽ കടന്നു   , അപ്പോഴും ചെമ്പൻ മുടിക്കാരൻ അവിടെ തന്നെ പുകയും ഊതി മന്ദഹസിച്ചിരുപ്പുണ്ടായിരുന്നു

വന്ന വഴികളിലൂടെ അവൾ വേഗത്തിൽ ഓടി, പക്ഷെ ഇത്തവണ അവളുടെ കാലുകളെ നിയന്ത്രിച്ചത് ഭയമായിരുന്നു. മഴ വല്ലാതെ വലുതായി പെയ്യുന്നത് കൊണ്ടാവാം വഴിയൊക്കെ വിജനമായിരുന്നു.
ഓട്ടം അവസാനിച്ചത് ബീച്ചിൽ എത്തുമ്പോഴാണ്, അവിടിവിടെ നാല് കാലുകളിൽ ഉയർത്തി കെട്ടിയ പുൽകൂടരങ്ങളിൽ മനുഷ്യർ മഴ കൊള്ളാതെ കയറി നിക്കുന്നു.
കറുത്ത വഴുക്കുന്ന പാറ കെട്ടുകളിൽ കുടചൂടിയ കമിതാക്കൾപണ്ട് പുരാതന കാലം തൊട്ടേയുള്ള അവകാശം പോലെ തിരയെണ്ണിയിരിക്കുന്നു.
അവളൊരു വിളക്കുകാലിൽ പിടിച്ചു വീഴാതെ നിന്നു. സങ്കടവും നിരാശയും അവളെ അത്രമേൽ ക്ഷീണിപ്പിച്ചിരുന്നു. എത്രെ നേരം നിന്നെന്നോ എത്രെ മഴ നനഞ്ഞെന്നോ അവൾക്കോർമയില്ല. ആരോ അവളെ തോണ്ടി വിളിക്കും വരയും അങ്ങനെ തന്നെ നിന്നിരുന്നു.
ഒരു നേർത്ത പെണ്‍കുട്ടി,ഇല്ലാത്ത ദയയോളം വരും ഇവൾക്കും പ്രായം , മുൻപ് അഭയ സ്വോർഗത്തിനടുത്ത് വച്ചു് കണ്ട പൂക്കാരി പെണ്‍കുട്ടിയെ പോലെ, ഇവളുടെ കയ്യിലും പൂക്കൾ ഉണ്ട് വിലക്കാൻ.
"അക്കാ പൂവ്  " എന്നു  മാത്രം പറഞ്ഞവൾ രൂപയെ ദയനീയമായി നോക്കി .
അന്നേരം രൂപ യുടെ നനഞ്ഞ ജീൻസിന്റെ പോക്കറ്റിൽ ഫോണ്‍ വിറച്ചു, മറു തലക്കൽ ശരത്.

രൂപയ്ക്കു അവളെ വിടുവിക്കാനാവുമായിരുന്നില്ല, അത്രമേൽ ദയ ഉണ്ടെന്നവൾ വിശൊസിച്ചു പോയിരിക്കുന്നു, അതു തന്നെ ശരത്തിനെയും  വിശൊസിപ്പിക്കാൻ അവളാഗ്രഹിച്ചു

എവിടെയാണെന്നയാളുടെ  ചോദ്യത്തിനു ആ പെണ്‍കുട്ടിയെ തന്നിലേക്ക് ചേർത്ത് നിർത്തി രൂപ കള്ളം തന്നെ പറഞ്ഞു ,
"ശരതെ ഞാൻ നമ്മുടെ ദയക്കൊപ്പവാ,   ഞാനവളെ  കണ്ടു, അവളെന്നോട് ചേർന്ന് നിക്കുവ ഇപ്പൊ  "
മഴയും തിരകളും  ഒട്ടൊന്നു  അടങ്ങിയിരിക്കുന്നു, അവളിപ്പോഴും കയ്പിടിയിൽ നിന്ന് ദയെയെ വിട്ടിട്ടില്ല, ഓടി പോകാൻ അവൾക്കും ഇഷ്ടമായിരുന്നില്ല.അവരങ്ങനെയ്ത്ര നേരം നിന്നിട്ടുണ്ടാവും എത്ര  മഴ നനഞ്ഞിട്ടുണ്ടാവും.

പകുതി മാത്രം തുറക്കുന്ന ജനാലയിൽ കൂടി നോക്കുമ്പോൾ ശരതും  കണ്ടു, യഥാർത്യങ്ങൾ  വഴി നടക്കുന്നത് , ഒക്കയും രൂപയുടെ ലാപ്ടോപ്പിലെ ഫാം വില്ലയിൽ നിന്നും അഭയസ്വൊർഗത്തിൽ നിന്നും ഇറങ്ങി പോയപോലെയുണ്ട് , ഒരു കഥപോലെ , പക്ഷെ അതൊക്കെയും മുൻപും കാഴ്ചവട്ടത്തു തന്നെയുണ്ടായിരുന്നിരിക്കണം.

                                                  ***********************








Tuesday, August 6, 2013

പൗലോ കൊയ്‌ലുവിൻറെ മരിയ

Inspired by the novel 11 minutes (paulo coelho)

പൗലോ കൊയ്‌ലുവിൻറെ മരിയ

http://www.mathrubhumi.com/nri/blog/mazhavilkazhcha/

അതൊരു വഴിപിഴച്ച ദിവസം തന്നെ ആയിരുന്നു, ചെന്നെത്തിയത്  harvesters ൻറെ മുന്നിൽ റമദാൻ മാസം ആയതുകൊണ്ടാവാം harvesters ന്റെ നീല നിറത്തിലുള്ള ബോർഡിലേ ലൈറ്റ് കളൊക്കെ അണഞ്ഞു തന്നെ കിടന്നിരുന്നു, ബോർഡിൽ  ലൈറ്റും അകത്തു തകർക്കുന്ന ഇംഗ്ലീഷ് ബാൻഡ് ന്റെ സംഗീതവും ഇല്ലന്നെ ഉള്ളു ബാക്കി എല്ലാം പഴയപടി തന്നെ.

നിറം മങ്ങിയ ലയിറ്റു കളുള്ള വിശാലമായ ഹാളിനകത്ത്  ഒരു കോണിൽ  billiards ടേബിൾ, അതിനു വലതു വശത്ത്  ഹാളിന്റെ ഒത്ത നടുക്കായിട്ടു ബാർ കൌണ്ടർ, പല നിറത്തിലും വലുപ്പത്തിലുമുള്ള കുപ്പികൾ, നിറമുള്ള ലൈറ്റ് കൾ അതിനൊരു വ്യാജമായ ഭംഗി കൂടി നല്കി.കൌണ്ടർ നു മുന്നിലെ ഉയർന്ന ഒറ്റപെട്ട ഇരിപ്പിടങ്ങളിൽ സ്ഥിരം കുടിയന്മാർ, പിന്നെ കുറെ കിഴക്കനേഷ്യൻ രാജ്യക്കാരികൾ,അവർക്ക് പിറകിലായി  വട്ടത്തിലുള്ള മേശകൾ, മിക്കതും ഒഴിഞ്ഞു തന്നെ കിടക്കുന്നു, പുണ്യ മാസം ആയതുകൊണ്ടാവാം തിരക്ക് കുറവ് . അവിടിവിടെയായി കുറച്ചു കറുത്ത സുന്ദരികൾ ബില്യാർട്സ് കളിക്കുന്ന സായിപ്പൻ മാരെ ചുറ്റി തിരിയുന്നു. ഇടതുവശത്താണ്  ഇംഗ്ലീഷ്  ബാൻഡ് ൻറെ സ്ഥാനം, ഭാഗ്യം ഈ മാസം കാതടപ്പിക്കുന്ന ആ ശല്യം ഇല്ല, ബാൻഡിലെ അംഗങ്ങൾ ഒക്കെ അവധിക്കു അവരവരുടെ രാജ്യങ്ങളിലേക്ക് പോയിട്ടുണ്ടാവും.

ഏറ്റവും പിന്നിലായി ഭിത്തിയോട് ചെർത്തിട്ട മേശകള്ക്കരികിൽ ആരും ശ്രദ്ധിക്കാത്ത ഒരു കോണിൽ ഞാൻ ഇരുന്നു.

വന്നിട്ട് ഏറെ നാളായെങ്കിലും ബെയറർ കുള്ളൻ ഫിലിപ്പിനി, റൂബൻ , എന്നെ തിരിച്ചറിഞ്ഞു അവനെനിക്ക്  ഹസ്തദാനം തന്നു, പിന്നെ ഞാൻ പറയും മുന്നേ "കാൾസ് ബെർഗ് , മെക്സികൻ
ഗ്ളാസ് " എന്ന്  എന്നോട്  ചിരിച്ചുകൊണ്ട്  പറഞ്ഞു
"അത് തന്നെ , നീ മറന്നിട്ടില്ല     ?"
അവൻ ചിരിച്ചുകൊണ്ട് തന്നെ  കൌണ്ടർ ലേക്ക്  പോയി , അപ്പോഴാണ്  ഞാൻ ശ്രദ്ധിച്ചത് എൻറെ വലതു വശത്തിരിക്കുന്ന കിളവനെ !!

ഇയാൾ Adolf Hitler  പോലെ ഇരിക്കുന്നുവല്ലോ, ഇനി ഒരുപക്ഷെ ഇന്നലെ രാത്രി downfall എന്ന Hitler  സിനിമ കണ്ടതുകോണ്ട്  എനിക്ക്  തോന്നുന്നതാവുമോ ?

ഞാൻ അയാളെ തുറിച്ചു നോക്കി

ദൈവമേ Hitler ടെതുപോലെ അയാളുടെ ഇടതുകരം വല്ലാതെ , നിർത്താതെ വിറക്കുന്നു
വെളുത്ത ഷർട്ടും കറുത്ത  ടൈയും സ്യുട്ടും,   ഈ മനുഷ്യൻ മദ്യപിക്കാൻ വേണ്ടി ചരിത്രത്തിൽ നിന്നു ഇറങ്ങിവന്നതാണോ ഈ രാത്രി ?

ചിന്തകളെ ഉണർത്തി അപ്പൊഴെക്കും റൂബൻ ബീയർ കൊണ്ടുവച്ചു


കുറച്ചു കഴിഞ്ഞു കാണും, എനിക്ക് മുന്നിലേക്ക്  ഒരു കയ്യ് നീണ്ടുവന്നു, ഹസ്തദാനത്തിനോപ്പം, മധുരമുള്ള ഒരു സ്വരവും,

"ഞാൻ മരിയ, ബ്രസിലിൽ നിന്നാണ് , ഇരുന്നോട്ടെ ഇവിടെ "  ചുവന്ന നീളൻ ഗൌണിട്ട, നല്ല ഉയരമുള്ള,   hour-glass പോലെ ഇരിക്കുന്ന സുന്ദരി.  മറുപടി കാക്കാതെ അവൾ എനിക്കഭിമുഖമായി ഒരു കസേര വലിച്ചിട്ടിരുന്നു

"നിങ്ങൾ  11 minutes വായിച്ചിട്ടുണ്ടോ, അതിലെ നായികയുടെ പേരും മരിയ എന്ന് തന്നെയാണ്  നിന്നെ പോലെ അവളും Prostitute ആണ് , ബ്രസിലിൽ നിന്ന്  തന്നെ;
പിന്നെ, അത്  എഴുതിയത് ബ്രസീലിയൻ ആത്മീയകച്ചവടക്കാരാൻ പൗലോ കൊയ്‌ലുവും" ലഹരി കൊണ്ടാവും ഞാനറിയാതെ, അനവസരത്തിൽ കേൾവിക്കാരന്റെ, താല്പര്യവും മാനസികാവസ്ഥയും ആലോചിക്കാതെ , അവളുടെ നീണ്ട മൂക്കിൽ നിന്ന്  കണ്ണെടുക്കാതെ പറഞ്ഞു

"സുഹൃത്തെ ഞാൻ കൊയ്‌ലുവിൻറെ മരിയ അല്ല,  ഇന്ന്  എനിക്ക്   കുറച്ചു പണത്തിന്റെ ആവശ്യം ഉണ്ട്  നിങ്ങൾ എന്നെ കൊണ്ടുപോവുക, കൊയ്‌ലു പറഞ്ഞ 11 നിമിഷങ്ങൾ തന്നെ നമുക്കും ആഘോഷിക്കാം  ?"

നിങ്ങൾ എനിക്ക്  കുടിക്കാനെന്തെങ്കിലും പറയു എന്നുപറഞ്ഞു, എൻറെ അനുവാദത്തിനു കാത്തു നില്ക്കാതെ  അവൾ റൂബനെ വിളിച്ചു ബ്രസിലിയൻ Cachaça പറഞ്ഞു, എന്നിട്ട് എൻറെ നേരെ തിരിഞ്ഞു , വായിചിട്ടുണ്ടാവുമല്ലോ Cachaça ആണ്  ഞങ്ങളുടെ ദേശിയ മദ്യം

"ഞാൻ തനിച്ചിരുന്നു മദ്യപിക്കാനാണ് വന്നത്  അല്ലാതെ സ്ത്രീകളെ അന്വേഷിച്ച്ചല്ല " അവൾക്ക്  പോകാനുള്ള ഭാവം ഇല്ലാന്ന് കണ്ടപ്പോൾ എനിക്ക് നീരസം തോന്നി

"എങ്കിൽ പിന്നെ നിങ്ങൾക്ക്  വീട്ടിൽ ഇരുന്നു മദ്യപിക്കരുതോ?"

"ഞാൻ എനിക്കിഷ്ടമുള്ളതു ചെയ്യും, നിങ്ങൾ ദയവുചെയ്തു മറ്റരെയെങ്കിലും അന്വേഷിക്കു "

അപ്പോഴേക്കും റൂബൻ അവൾക്കുള്ള Cachaça  യുമായി വന്നു

ഗ്ലാസ്സ് ഉയർത്തുന്നതിനിടയിൽ  അവൾ പറഞ്ഞു "ഞാൻ പറഞ്ഞുവല്ലോ എനിക്ക് കുറച്ചു പണം വേണം, വില്കാൻ എന്റെ കയ്യിൽ  ഞാൻ മാത്രമെ ഉള്ളു, നിങ്ങള്ക്ക് അത് വേണ്ടെങ്കിൽ,  എന്റെ കഥ കേൾക്കു നിങ്ങൾ പണം  കൊടുത്തു വാങ്ങിയ കൊയ്‌ലുവിൻറെ  പുസ്തക ത്തെക്കാളും മികച്ചൊതൊന്നു നിങ്ങള്ക്കെഴുതാം  "
അവൾ വീണ്ടും ഗ്ലാസ്‌  അവളുടെ ചായം തേച്ച ചുണ്ടോടടുപ്പിച്ച്ച്ചു.

"രണ്ടും വാങ്ങാൻ ഞാൻ ആളല്ല , ഇവിടെ വേറെയും കുറേ ആളുകൾ ഇരിക്കുന്നുണ്ടല്ലോ നിങ്ങൾ അവരെയാരെയെങ്കിലും സമീപിക്ക് "

"എല്ലാവരെയും ഞാൻ സമീപിച്ചു പക്ഷെ ആരും ഇന്നു തയ്യാറല്ല,കഴിഞ്ഞ ഒരുമാസമായി എൻറെ രാത്രികൾ മോശമാണ് , പക്ഷെ എനിക്ക് നാളെത്തന്നെ 500 ബ്രസീൽ റീൽ  വേണം, അതായതു  800 ദിർഹംസ്‌ "

ഞാൻ മനസ്സിൽ കണക്കു കൂട്ടി നോക്കി  13000 ഓളം ഇന്ത്യൻ രൂപ !!

അവൾ അവളുടെ ദേശിയ മദ്യം പകുതിക്കുപെക്ഷിച്ചു  എനിക്കു മുന്നിൽ നിന്നെഴുന്നേറ്റു, മാപ്പപേക്ഷിക്കുന്ന സ്വൊരത്തിൽ പറഞ്ഞു
"നിങ്ങൾടെ സമയം കളഞ്ഞതിൽ ക്ഷമിക്കുക "

തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവളെ ഞാൻ ഉറക്കെ വിളിച്ചു, "സഹോദരി നിനക്കെന്തിനാണു ഇത്രെ പണം, അതും നാളെ തന്നെ , അങ്ങ്  ബ്രസീലിൽ  നിന്റെ ആർക്കെങ്കിലും  സുഖമില്ലാതെ  ?"
 ഒരു ഗ്ളാസ് താഴെ വീണുടഞ്ഞ പോലെ അവൾ കിലുങ്ങി ചിരിച്ചു, എന്നിട്ട് പറഞ്ഞു
"ഈ ബാറിൽ ആദ്യമായിട്ടാകും ഒരാൾ എന്നെ  സഹോദരി എന്നു വിളിക്കുന്നതു"

പിന്നെ എനിക്കഭിമുഖമായി വന്നു തല കുനിച്ചു അവൾ പറഞ്ഞു, "എനിക്ക്  ഒരു  മകനുണ്ട് , അവനെ അകന്ന ബന്ധത്തിൽ പെട്ട ഒരു അമ്മായിയെ നോക്കാൻ എല്പിചിട്ടാണ് വന്നത് , അവനെ നോക്കുന്നതിനു ഒരു നിശ്ചിത കൂലി അവർ മുൻ‌കൂർ ആയി ആവശ്യ പെട്ടിരുന്നു,നാളെ അത് കൊടുത്തില്ലെങ്കിൽ അവർ എന്റെ മകനെ വിൽക്കും "

"നീ പറഞ്ഞത്രെയും ഇല്ലെങ്കിലും എന്റെ കയ്യിൽ കുറച്ചു പണം ഉണ്ട്  അത് വേണമെങ്കിൽ ................."
ഞാൻ അത് പറഞ്ഞു  നിർത്തിയതും 1945 ലെ കുഴിമാടത്തിൽ നിന്ന് എഴുന്നേറ്റു വന്നിട്ടേന്ന പോലെ കിളവൻ ഹിട്ലെർ ചിരിച്ചു, പിന്നെ എൻറെ  നേരെ കയ്ചൂണ്ടി പറഞ്ഞു “Humanitarianism is the expression of stupidity and cowardice"

ദൈവമേ ഇയാൾ രൂപത്തിൽ മാത്രമല്ല പറയുന്നതും ഹിടലെര്ടെ വാചകങ്ങൾ തന്നെ ആണല്ലോ.

 ഞാനല്പം മനുഷ്യത്വം കാണിക്കുന്നതിനു ഈ പ്രേതത്മാവിനു എന്ത്  വേണം ?

എന്റെ മുഖത്തേക്ക്  നന്ദി പൂർവ്വം ഒന്ന്  നോക്കിയ  ശേഷം മരിയ തിരിഞ്ഞു നടന്നു.

ഒരുപക്ഷെ ആ ഹിട്ലെർ അങ്ങനെപറഞ്ഞില്ലയിരുന്നെങ്കിൽ കയ്യിലുള്ള പണം വാങ്ങാൻ അവളെ ഞാൻ നിർബന്ധിക്കുമായിരുന്നു

വിളക്കുകൾ അണഞ്ഞു തുടങ്ങിയിരിക്കുന്നു, അടയക്കാറായി എന്ന്  റൂബൻ വന്നു പറഞ്ഞപ്പോഴാണ്‌  ഞാൻ ചുറ്റുപാടുകളെ കുറിച്ചു അറിഞ്ഞത്,

മരിയ പോയി കഴിഞ്ഞു ഹിട്ലെർ  കിളവൻ ഉയർത്തിവിട്ട പരിഭ്രാന്തി മാറി,   ഇത്ര നേരവും ഞാൻ എവിടെയായിരുന്നു ?
ബ്രസീലിൽ ? സെൻട്രൽ സ്റ്റേഷനിൽ ?

അതെ, സെൻട്രൽ സ്റ്റേഷൻ  എന്ന ബ്രസീലിയൻ സിനിമയിലെ, റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന്  കിട്ടിയ പത്ത്  വയസ്സുകാരനെ വിലക്കാനും  ഉപേക്ഷിക്കാനും ശ്രമിക്കുന്ന ഡോറ എന്ന വൃദ്ധയായ സ്കൂൾ ടീചെർടെ പിറകെ ആയിരുന്നു ഞാൻ   !!

എനിക്ക് ചുറ്റും ഉണ്ടായിരുന്ന എല്ലവരും പോയികഴിഞ്ഞിരുന്നു, ഹിട്ലെർ അയാളുടെ  കറുത്ത കോട്ട്  ആ കസേരയിൽ മറന്നു വച്ചിരിക്കുന്നു

ഞാൻ റോഡിലേക്കിറങ്ങി , പുറത്ത്  വല്ലാത്ത നിശബ്ധത ആയിരുന്നു, ഇത്   റമദാനിലെ 27 ആം രാവാണ്‌, കുറച്ചു മുന്നേ വരെ വീശിയടിച്ച്ചിരുന്ന പൊടിക്കാറ്റ്  നിലച്ചിരിക്കുന്നു പഴുത്ത  കുലകൾ നിറഞ്ഞ് നിന്ന പനകളുടെ ഓലകൾ പോലും ഇപ്പോൾ അനങ്ങുന്നില്ല.പറഞ്ഞറിയിക്കാനആകാത്ത കുളിർമയും നിശബ്ധതയും ആ
രാത്രിക്കുള്ളതുപോലെ എനിക്ക്  തോന്നി,  ഇത് തന്നെ ആയിരിക്കാം ലൈലാത്തുൾ ഖ്വാടിർ അഥവാ Night of power, സർവ ചരാചരങ്ങളും സുഖമായും സ്വോസ്തമായും ഇരിക്കുമെന്ന് പറയപ്പെടുന്ന രാത്രി, ലോകമെങ്ങുമുള്ള വിശ്വോസികൾ, സ്വോർഗവാതിൽ തുറക്കുന്നതും കാത്തു പ്രാർത്ഥനനിരതമാകുന്ന രാത്രി, ഞാൻ പതിവുപോലെ അകാരണമായ അസ്വോസ്തതയോടെ തിരിഞ്ഞും മറിഞ്ഞും കിടന്നു.

ആഴ്ച്ചയോന്നു കഴിഞ്ഞു കാണും, ഒരു ചെറിയ അവധിക്കു നാട്ടിലേക്ക് പോകാൻ അബുദാബി എയർ പോർട്ടിലെ എമിഗ്രഷൻ കഴിഞ്ഞു അലസമായി ഗേറ്റിലെക്കു  നടക്കുപോഴാണ്  ചുവന്ന നീളൻ ഗൌണിട്ട മരിയ എനിക്ക്  നേരെ നടന്നടുത്തത് ,
ചായം തേയ്ക്കാത്ത ചുണ്ടുകളിൽ ചിരി വരുത്തി അവൾ ചോദിച്ചു, "നിങ്ങൾ എന്നെ ഓർക്കുന്നുണ്ടോ ,കൊയ്‌ലുവിന്റെ മരിയ "

"തീർച്ചയായും !! മരിയ എവിടെക്കാണ്‌ ഇത്ര തിരക്കിട്ട്  ?"
ഗേറ്റ്  നമ്പർ 2 0, അവിടെ എന്റെ റിയോ  വിലെക്കുള്ള ഫ്ലൈറ്റ്  കാത്തു കിടക്കുന്നു "
"എന്തെ തിരിച്ചു പോവുകയാണോ?" ഞാനും  അവൾക്കൊപ്പം 20 -ആം ഗേറ്റ് വരെ നടന്നു

"ഞാൻ പണം കണ്ടെത്ത്തിയപ്പോഴേക്കും വയ്കി പോയിരുന്നു , ആ കിളവി എന്റെ മകനെ ആർക്കോ വിറ്റുഇപ്പോൾ കുറച്ചു പണം കിട്ടിയിട്ടുണ്ട് ,ഇനി അവനെ കണ്ടുപിടിക്കണം, തിരിച്ചു വാങ്ങണം"  മരിയ ഒന്നു നിശൊസിച്ചു

20 -ആം  ഗേറ്റ്  എത്തിയിരിക്കുന്നു, അവൾ  ഒരു  ഹസ്തദാനത്തിനൊപ്പം ഗുഡ് ബൈ പറഞ്ഞ് ആൾക്കൂട്ടത്തിൽ മറഞ്ഞു , അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു .

പെട്ടന്ന്  അവൾ ആൾക്കൂട്ടത്തിൽ നിന്ന്  പ്രത്യക്ഷപെട്ട്   വന്ന്  എന്നോട് പറഞ്ഞു ,

"എനിക്കും പേപ്പർ ബാക്ക് കോപ്പി കൾ അടുക്കി വച്ച അലമാരകൾക്കിടയിലൂടെ, പുസ്തകങ്ങളുടെ ഗന്ധം ശൊസ്വിച്ച് നടക്കാനായിരുന്നു ഇഷ്ടം,  രാത്രിക്ക് വില പേശാതെ കൊയ്‌ലുവിനെവിമർശിക്കാനായിരുന്നു താൽപര്യം പക്ഷെ......"

പറഞ്ഞത്  മുഴുവിക്കാതെ മരിയ നടന്നകന്നു,കൊയ്‌ലുവിനെ വായിക്കുന്നത്  എനിക്കിഷ്ടമല്ലെങ്കിലും  അദ്ദേഹത്തിന്റെ പുസ്തകങ്ങൾ കാണുമ്പോൾ  ഞാൻ, ഇപ്പൊഴും അതിൽ മരിയെ തിരയുന്നു.



Thursday, August 1, 2013

വയ്കുന്നേരങ്ങൾ

കനൽ,മഴയിലാളാൻ മടിച്ച,
ചിതയിലെക്കെന്നെ
യെടുക്കുംമ്പോഴേ
നീ അറിഞ്ഞുള്ളു
പൂവ് പോലെ മൃദുലയായിരുന്നു
ഞാനെന്നു.

ഉദകം കഴിഞ്ഞ് ,
ഉള്ളം നനഞ്ഞപ്പോഴെ
നീ പറഞ്ഞുള്ളൂ
പുഴപോലെ
ആർദ്ര യായിരുന്നു
ഞാനെന്നു

എന്റെ മുഖം പതിഞ്ഞ
കണ്ണാടിയിലിന്നെന്നെ
തിരയുമ്പോഴെ
നീ ഓർത്തു പോകുന്നുള്ളൂ
നമ്മളെന്നും
ബിംബവും
പ്രതിബിംബവും
പോലെ, തൊട്ടറിയാൻ
പറ്റാത്ത ദൂരത്തായിരുന്നെന്നു

ഇത്
വല്ലാതെ  വൈകിയ,
വയ്കുന്നേരത്തെ നിൻറെ ചിന്തകൾ ;
ഇനിയൊരു,
പുലരിയുമില്ലെന്നെന്റെ
ഓർമപെടുത്തലുകൾ

Wednesday, July 3, 2013

!!

മധുരമാണ്, പക്ഷെ
നിശബ്ദത
പേടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു,
അലറി വിളിച്ചു അകറ്റി നിർത്താൻ,
നോക്കിയപ്പോഴൊക്കെ,
അത് എന്റെ ശബ്ദത്തെയും,
വിഴുങ്ങി കളഞ്ഞു;
കണ്ണിമ ചിമ്മാതെ,
നോക്കി ഇരുന്നത് കൊണ്ടാവാം
ശൂന്യതയിൽ നിന്ന് ശൂന്യത,
തന്നെ വിരുന്നു വന്നത്

Friday, May 3, 2013

!!!

അക്ഷരങ്ങൾ കൂട്ടി വായിക്കാൻ,
തുടങ്ങിയ കാലം
വാക്കുകളൊക്കെ കനിവുള്ളവയായിരുന്നു

പിന്നെ വരികൾക്കിടയിൽ,
വായിച്ചു തുടങ്ങിയ തുകൊണ്ടാവാം,
നോവിക്കുന്ന വാക്കുകൾ 
കണ്ടത് 

എന്നിട്ടും നല്ലതൊക്കെ,
മുനയും മൂർച്ചയും ഇല്ലാത്തതൊക്കെ,
സ്നേഹത്തോടെ 
ഞാൻ സൂക്ഷിച്ചു വച്ചു 

പക്ഷെ ഇന്നലെ,
ഞാനന്വെഷിച്ചതു 
നിന്റെ ജീവെനെടുക്കാനുള്ള വാക്കായിരുന്നു 
ഇതുവരെ കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത ഒന്ന് 

ലോകത്തിലേറ്റവും നിസ്സഹായമായത് ,
നിന്റെ മരണമാണെന്ന് ,
വായിച്ചു നിർത്തിയിട്ടും
ഞാൻ പിന്നെയും അത് തന്നെ 
തിരഞ്ഞു 

ഇപ്പോഴും ആ വരികൾക്കിടയിൽ,
വിഷം കുത്തിവച്ച്  നിശ് ചലമാക്കിയ,
നിന്റെ ഹൃദയത്തിൽ നിന്നോഴുകിയ 
ചോര പടർന്നിരിക്കുന്നു 

എനിക്കറിയാം അതുചിലപ്പോൾ 
എന്റെ കാഴ്ചയെ തന്നെ മറച്ചേക്കാമെന്ന് 

                                   20 April 13 

Thursday, May 2, 2013

ഇല്ലാത്ത പ്രൊഫൈൽ

ഇന്നലെയാണ് ചിത്തിരവിലാസത്തിലെ ആഞ്ഞിലി മരം ഫെയ്സ്ബുക്കിനു
കുറുകെ  വീണത്‌.

ഫോട്ടോ പോസ്റ്റ്‌ ചെയ്ത ഞങ്ങള്‍ടെ 7 അം ക്ലാസ്കാരി സുജാകുമാരിക്ക് നന്ദി, നീ ഇപ്പോഴും സ്കൂളിന് പിറകിലെ വീട്ടില്‍ താമസിക്കുന്നുണ്ടെന്നറിഞ്ഞതില്‍ അസൂയയും

ചെമ്മണ്ണ്‍ പാതക്കപ്പുറവും ഇപ്പുറവും ഇരട്ടകുട്ടികളെപ്പോലെ രണ്ടു സ്കൂളുകൾ, ഒന്ന് പ്രൈമറിയും മറ്റതു അപ്പർ പ്രൈമറിയും.അപ്പർ പ്രൈമറി  മംഗലത്ത് പരമേശ്വരൻപിള്ളയുടെതും മറ്റത് സർക്കാർവകയും പ്രൈമറിയുടെ മുറ്റത്ത് റോഡിനോട് ചേർന്ന് വലിയ രണ്ടു മാവുകളുണ്ടായിരുന്നു ,പക്ഷെ രണ്ടിലും മാങ്ങപിടിച്ചതായി ഓർക്കുന്നില്ല.

അപ്പർ പ്രൈമറിയുടെ 7-അം ക്ലാസിനുപിറകിലാണ് ഈ വലിയ ആഞ്ഞിലി  മരം നിന്നിരുന്നത്
പാവം ആഞ്ഞിലിമരം മഴക്കോളും കാറ്റും വന്ന എത്രെയോ വൈകുന്നേരങ്ങളില്‍ ഞങ്ങളേ ഒരുപാട് സഹായിച്ചിരിക്കുന്നു. അത് വീഴുമെന്നോര്‍ത്തു 7 -അം ക്ലാസ്സു അന്നൊക്കെ ഒരുപാട് ദിവസങ്ങളിൽ നേരത്തെ വിട്ടിരിക്കുന്നു

എന്നും ഇങ്ങനെ ഒരു ഭീഷണിയായി നിക്കാന്‍  ആഞ്ഞിലിമരത്തിനാകണേന്ന് ഞങ്ങളെപ്പോലെ എല്ലാ തലമുറയിലെയും കുട്ടികൾ  പ്രാര്‍ത്ഥിച്ചത്‌ കൊണ്ടാവാം പാവത്തിന് ഇത്രേം ആയുസ്സ് കിട്ടിയത്. പിന്നെ കോടതിയിൽ പിള്ളയും മകനും തമ്മിൽ ഇപ്പോഴും നിലനില്ക്കുന്ന സ്വത്ത് തർക്കങ്ങളും

അന്ന് 7 ലുണ്ടായിരുന്ന 32 പേരിൽ ഞാനുൾപ്പടെ  31 പേരും ആഞ്ഞിലിയുടെ
ഫോട്ടോയ്ക്ക് കീഴെ കമൻറ് ചെയ്തും കണ്ണീർവാർത്തും ഹാജർവച്ചു

ഞാൻ പേരുകളില്‍ കണ്ണോടിച്ചു,  ആരോ ഒരാള്‍ കുറവ്

32 ല്‍ ഒന്ന് കുറഞ്ഞതിന്റെ ഭാരം, ഏപ്രിൽ മെയ്‌ മാസങ്ങളിൽ ചക്ക തൂങ്ങി ഭാരം കൊണ്ട ആഞ്ഞിലിയുടെ ചില്ലപോലെ എന്റെനെഞ്ചിൽ കനപ്പെട്ടു കിടന്നു.

അന്നുരാത്രി ഞാൻ ആഞ്ഞിലിയേം 7 ആം ക്ലാസ്സിനേയും സ്വപ്നം കണ്ടു.
 സുധാകരൻ മാഷ്‌ ലീവായതിനാല്‍ അന്നു കണക്കിന്റെ പീരിയിഡിൽ സംസ്കൃതം ടീച്ചര്‍ സാവിത്രി അന്തര്‍ജ്ജനം ആണ് വന്നത്
 അന്ന് ഞങ്ങള്‍ ഹിന്ദു കുട്ടികള്‍ സംസ്കൃതവും മുസ്ലീം കുട്ടികള്‍ അറബും പഠിച്ചിരുന്നു, ഈ വിഷയങ്ങള്‍ ഞങ്ങളെ എന്തിനാണ് പഠിപ്പിച്ചിരുന്നതെന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല , ഇതിനൊക്കെ അന്ന് എന്തെഴുതിയാലും ഞങ്ങൾ ജയിക്കുകയും ചെയ്തിരുന്നു. ആറ്റിനക്കരെ നിന്ന് വന്ന ക്രിസ്ത്യൻ കുട്ടികളാകട്ടെ അവർക്ക്  പഠിക്കാൻ ഒന്നുമില്ലന്നോർത്തു വേവലാതിപ്പെടാതെ അറബിലേക്കോ സംസ്കൃതത്തിലെക്കോ പോയിരുന്നു
മാറിയ കാലത്തിൽ ബഷീര്‍ മാഷ്‌ ചരിത്രവും സാവിത്രി അന്തര്‍ജ്ജനം മലയാളവും പഠിപ്പിച്ചു സ്വന്തം  ജോലി നിലനിർത്തിപ്പോന്നു
സാവിത്രി ടീച്ചര്‍,  ബ്രഹ്മാവിന്റെ പത്ത് പുത്രന്മാരിൽ ഒരാളായ യക്ഷപ്രജാപതി   പണ്ട് യാഗം നടത്തിയ  കഥ പറയുന്ന അവസാന പീരിഡിലാണ്  പിന്നില്‍ നിന്ന് റഫീക്ക് അലറിയത്

 "അള്ളോ ആഞ്ഞിലിമരം വീഴുന്നെ !!"

പിന്നെ ആരും ഒന്നും നോക്കിയില്ല എല്ലാരും ഓടി, റോഡിനപ്പുറത്തെ മാവിന്‍ ചോട്ടിലെത്തിയിട്ടെ നിന്നുള്ളൂ

എല്ലാവരും മാവിന്‍ ചോട്ടില്‍ എത്തിയപ്പോഴാണ് സാവിത്രി ടീച്ചര്‍ എണ്ണിയത്

ആരോ ഒരാള്‍ കുറവ്,എന്റെ ദൈവമേ  അതാരാണ്

വിഷ്ണുവർധൻ ഓഫീസി റൂമിലേക്കോടി ഹാജര്‍ ബൂക്കെടുക്കാന്‍

ഞാനും ടീച്ചറും നിങ്ങളും ഒക്കെ എണ്ണി, ആരാണ് കുറവ് ?

ബ്രൌണ്‍ പേപ്പറിൽ  പൊതിഞ്ഞ നീളൻ ഹാജർബുക്കിനെ ഭവ്യതയോടെ കൊണ്ട് വരുമ്പോഴേക്കും റസിയ അലറി വിളിച്ചു

"അള്ളോ നജീബിനെ കാണാനില്ലേ"

"നജീബേ  ................... " റസിയക്കൊപ്പം 7 അം ക്ലാസ്സുമുഴുവൻ അലറി

മിക്കപ്പോഴും അവൻ വിളികേൾക്കാറില്ല, എവിടെയെങ്കിലും ദിവാസ്വൊപ്നവും കണ്ടിരുന്നുകൊള്ളും

ആഞ്ഞിലി മരം വീഴുന്നെന്നു റഫീക്ക് വിളിച്ചു  പറഞ്ഞതും  അവന്‍ കേട്ടിട്ടുണ്ടാവില്ല

റസിയ മാത്രം വീണ്ടും അലറിവിളിച്ചു "നജീബേ ..............................."

ഞാന്‍ ഞെട്ടിയുണര്‍ന്നു

ഫെയ്സ്ബൂക്കിലെ ഫോട്ടോക്ക് കീഴെ പരതുമ്പോള്‍ റസിയയുടെ നിലവിളി കാതിൽ മുഴങ്ങി

ശരിയാണ് നജീബ്  മാത്രം ഇല്ല

അന്ന് രാത്രി ഞാന്‍ ഉറങ്ങിയില്ല, ഇത്രെനാളും നിന്നെ മറന്നു പോയല്ലോ എന്നോർത്ത് സങ്കടപ്പെട്ടു

18 വർഷങ്ങൾ ഒരിക്കൽ പോലും, നിന്നെ ഞാൻ ഓർത്തിട്ടേ ഇല്ല

ആഞ്ഞിലി മരം വീണെന്ന് അന്ന് റഫീക്ക്  വിളിച്ചു  പറഞ്ഞപ്പോൾ, 7 അം ക്ലാസ്സ്‌ ആകെ അത് വിശ്വസിച്ചു ഇറങ്ങിയോടിയപ്പോൾ ആ  മരം ചതിക്കില്ലന്നു ഉള്ളാലെ പറഞ്ഞു, മരം വീണിട്ടില്ലെന്നു ഞങ്ങളോട് പറയാൻ വന്ന ചങ്ങാതീ .........ഞങ്ങളൊക്കെ നിന്നെ എങ്ങനെ മറന്നു ?

ഏതായാലും അതിനു ശേഷം വിചിത്രമായ ഒരുത്തരവാണ്   ബഷീർ മാഷ് കൊണ്ടുവന്നത്, ആഞ്ഞിലിയുടെ ചുവട്ടിൽ ഇനി ആരും മൂത്രം ഒഴിക്കരുത്, ആണ്‍ കുട്ടികൾ ആഞ്ഞിലിയുടെ ചുവട്ടിൽ മൂത്രം ഒഴിച്ച് മണ്ണ് നനഞ്ഞ് ചുവടിളകി  അത് വീണേക്കാം !!
നജീബ് ഒഴികെ മാറ്റാരും ബഷീർ മാഷ് പറഞ്ഞത്  അനുസരിച്ചില്ല, എന്നത്തെയും പോലെ പിന്നെയുള്ള ദിവസങ്ങളിലും ഞങ്ങൾ ആഞ്ഞിലിക്ക്‌ ചുറ്റും തന്നെ കാര്യം സാധിച്ചു


അന്നുരാത്രി  ഞാൻ അവനു വേണ്ടി ഫെയ്സ് ബുക്കിൽ ഒരു അക്കൗണ്ട്‌ തുറന്നു,
എന്നിട്ട് ആഞ്ഞിലിക്കു കീഴെ അവൻറെ വകചരമ കുറിപ്പെഴുതി

പിന്നെ സുഖമായി ഉറങ്ങി


ആഴ്ച ഒന്നുകഴിഞ്ഞാണ് ഞാൻ നജീബിന്റെ അക്കൗണ്ട്‌, ഒരു കൗതുകത്തിനെന്നപൊലെ തുറന്നു നോക്കിയത്, ഒരുപാടുപേർ നിന്റെ സുഖം അന്വേഷിക്കുമെന്നും നീ വീണ്ടും ജീവിച്ചോ എന്നുപോലും ചോദിക്കുമെന്നും കരുതിയ എനിക്ക് തെറ്റി,



നിന്റെ പേജിൽ സുഖന്വേഷണങ്ങളും ഫ്രെണ്ട്സ് റിക്വെസ്റ്റും ഇല്ല.
വെള്ളയും നീലയും കലർത്തിയ പേജിൽ   തിളങ്ങി  നിൽക്കുന്നവർ നിന്നെ കണ്ടിട്ടും കണ്ടില്ലാന്നു നടിച്ചു (നിന്നെ മാത്രം അല്ല മിക്കപ്പോഴും അവരെല്ലാം  പരസ്പരം അങ്ങനെ ആണ്, കണ്ടാൽ കൂടി  മിണ്ടാറില്ല)

പിന്നീടുള്ള ദിവസങ്ങളിൽ  ഞാൻ നജീബിനെ മറന്നു, അല്ലെങ്കിൽ തന്നെ അത്രെക്കു തിരക്കായിരുന്നു. തിരച്ചു പോകും മുൻപെ എനിക്കെന്തൊക്കെ തീർക്കാനുണ്ട്?

 നല്ലൊരു വാടകക്കാരനെ കണ്ടുപിടിക്കണം ഇനി ഈ വീട് ഇങ്ങനെ അടച്ചിടെണ്ട
പറമ്പിലെ റബ്ബർ ഒക്കെ വെട്ടികളയണം, ഇനി യുള്ള കാലം വല്ല തെങ്ങോ മാവോ വയ്ക്കണം.
തിന്നാൻ കൊള്ളാവുന്ന വല്ലതും പറമ്പിൽ നാട്ടു പിടിപ്പിക്കണം ഇനി വരുമ്പോഴേക്കെങ്കിലും അവയൊക്കെ കായ്ചിട്ടുണ്ടാവട്ടെ


ഓരോന്നോർത്തു ലാപ്ടോപ് എടുത്തപ്പോൾ ഞാൻ അറിയാതെ നിന്റെ അക്കൗണ്ടിലേക്ക് കയറിപ്പോയി.

നിനക്കൊരു  ഫ്രണ്ട്സ് റിക്വെസ്റ്റും  പിന്നെ പ്രൈവറ്റ് മെസ്സേജും നിൻറെ സുഖ വിവരം അന്ന്വേഷിക്കുന്ന  മെസ്സേജിന്റെ അവസാനം അവൾ ഇങ്ങനെ എഴുതിയിരുന്നു,

"ഇത് നീയല്ലാന്നു എനിക്കറിയാം എന്നാലും ഞാൻ വിശ്വസിച്ചോട്ടെ  ഇത് നീ തന്നെയാണെന്ന്"

ദൈവമേ  റസിയ, മൊഞ്ചുള്ള പെണ്ണ് , ഏഴിലും പിന്നെ ലക്ഷ്മി വിലാസത്തിലും എന്നെ കൊതിപ്പിച്ചു നടന്നവൾ, അവൾക്കു നിന്നോട് പ്രണയം ആയിരുന്നോ !!

വീട്ടിലും പിന്നെ മൊബൈലിലും ഇന്റർനെറ്റ്‌ ഉണ്ടായിട്ടും ഞാൻ പാലത്തിന്റടുത്തെ അക്ഷയസെന്ററിൽ പോയി എനിക്കറിയാമായിരുന്നു റസിയാ അവിടെ ആണെന്ന്

അന്നുരാത്രി അവൾ നജീബിന്റെ ചാറ്റ് വിൻഡോയിൽ ഇങ്ങനെ കുറിച്ചു

"നമ്മുടെ ക്ലാസ്സിൽ ഉണ്ടായിരുന്ന ആ ജയകൃഷ്ണൻ ഇല്ലേ പഠിപ്പിസ്റ്റ്, ഓർമയില്ലേ നിനക്ക്?
നീ മരിച്ചപ്പോൾ  നമ്മുടെ ക്ലാസിനു വേണ്ടി റീത്ത് വച്ചെ ആ തടിയൻ ?

അവനിന്ന് അക്ഷയ സെന്റെറിൽ വന്നിരുന്നു, ആ അമേരിക്കകാരന്റെ വീട്ടിൽ ഇന്റർനെറ്റ് ഇല്ലാന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വോസിക്കുവോ ?
എന്നെ കാണാൻ തന്നെയാ വന്നെ, വായിനോക്കി, ഇപ്പോഴും പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്ത പോലെയാ നോക്കുന്നെ !!
ഞാൻ പറഞ്ഞു വന്നത് അതല്ല, നീയും ഇപ്പൊ അവന്റെ അത്രേം ആയിട്ടുണ്ടാവും അല്ലെ? "

അയ്യേ അവൾ എന്നെ പറ്റി പറഞ്ഞ കേട്ടില്ലേ, ചമ്മൽ തോന്നിയെങ്കിലും അവസാനം വായിച്ചപ്പോൾ എനിക്ക് സങ്കടം തോന്നി, ഇപ്പൊ നജീബു വളർന്നു എൻറെയത്ര ആയിട്ടുണ്ടാവുമോ ?

 "പിന്നൊരു ദിവസം അവളെഴുതി, ഇന്ന് സുധാകരൻ മാഷടെ അനുസ്മരണം ആയിരുന്നു, പാലത്തിന്റെ താഴത്തെ  പറമ്പിൽ  സമ്മേളനം ഉണ്ടായിരുന്നു.
എല്ലാവരും മാഷെ കുറിച്ച് നല്ലത് പറഞ്ഞു, മാഷ് കാരണം മരിച്ച നിന്നെ പറ്റി ആരുംഓർത്തതും കൂടിയില്ല ..........................
നീ വിഷമിക്കേണ്ട നിന്നെയോർക്കാൻ ഞാനുണ്ട് "

ഉച്ചക്ക് ശേഷം മഴ തകർത്തു പെയ്ത ഒരു ദിവസം ആണ് സുധാകരൻ മാഷ് നജീബിനെ 7 -അം ക്ലാസിനു പുറത്ത് നിർത്തിയത്, അവൻ മലയാളം പുസ്തകം കൊണ്ടുവരാത്തതിനു
അവനു പുസ്തകം ഉണ്ടായിരുന്നോ എന്ന് പുറത്ത് നിർത്തും മുൻപേ  മാഷിന് ഒന്നന്വേഷിക്കാമായിരുന്നു എന്നെനിക്കിപ്പോൾ തോന്നുന്നു.

തകർത്തുപെയ്യുന്ന മഴയെ കുറെ നേരം നോക്കി നിന്നിട്ട് അവൻ അതിലൂടെ ഇറങ്ങിപ്പോകുന്നത് ഞങ്ങളെല്ലാം കണ്ടതാണ്

പിന്നെ അന്ന് അവസാന പീരിഡ്  തുടങ്ങും മുൻപേ  ആണ് അറിഞ്ഞത്  നജീബു പള്ളിക്കൽ ആറിൽ  പാലത്തിന്റെ കീഴെ കക്കാവരാൻ ഇറങ്ങിയപ്പോൾ ചേറിൽ പൂണ്ടുപോയെന്നും,മരിച്ചെന്നും

ഞാനായിരുന്നു വിലാപ യാത്രയുടെ മുന്നിൽ റീത്തുമായി നിന്നത്

പിന്നീടുള്ള ദിവസങ്ങളിൽ റസിയയുടെ നാട്ടു വിശേഷം പറച്ചിലും കുടുംബ പുരാണങ്ങളും ഒന്നും അല്ലാതെ പ്രത്യേകിച്ച് ഒന്നും കണ്ടില്ല

ഇതുവരെ മറുപടി ഒന്നും എഴുതിയിട്ടില്ലെങ്കിലും അവൾ എന്നും ഓരോ വിശേഷങ്ങൾ  പറഞ്ഞുകൊണ്ടേയിരുന്നു.

നാളെ ഞാൻ മടങ്ങിപ്പോവുകയാണ്, ഇനി രണ്ടു കൊല്ലം കഴിഞ്ഞേ മടക്കം ഉണ്ടാവുള്ളൂ അതീ മണ്ണിലേക്ക് തന്നെ ആകണം എന്നുറച്ച്  എല്ലാം പെറുക്കി അടുക്കി വച്ച് കഴിയുമ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു.

അന്നുരാത്രി നജീബിന്റെ ഫേസ്ബുക്കിൽ റസിയ ഇങ്ങനെ എഴുതിയിരുന്നു

"നജീബെ ഇനി നിനക്കിങ്ങനെ മെസ്സേജ് അയക്കാൻ ഞാൻ വരലുണ്ടാവില്ല, ബഷീറിക്ക പറയുന്നത് ഞാനിനി അക്ഷയ സെന്ററിൽ പോകേണ്ടാന്നു, നമ്മുടെ നാട്ടിലും ഇന്റർനെറ്റ്‌ ഒക്കെ നിർത്തണം എന്നാണത്രേ അവരുടെ പാർട്ടി പറയുന്നത്,അതാണുപോലും എല്ലാത്തിനും കുഴപ്പം..............എന്ത് കുഴപ്പം എനിക്കറിയില്ല"

അവൾ തുടർന്നു പക്ഷെ,മുഴുവൻ വായിക്കാൻ എനിക്ക്  തോന്നിയില്ല തല ചുറ്റും പോലെ

ഇനി നിനക്ക് പ്രൈവറ്റ്‌ മെസ്സജ് കളും കമന്റ്‌ കളും അയക്കാൻ അവൾ വരില്ല

എനിക്കെന്തോ എന്റെ പ്രണയം നഷ്ടമായപോലെ തോന്നി,

ഞാൻ വഴിയിലേക്കിറങ്ങി നടന്നു, ഞങ്ങൾ ഈ വഴിയെ, വഴി എന്നല്ല വിളിക്കാറ് തോടെന്നാണ് , മഴപെയ്താൽ അതിലൂടെ വെള്ളം ഒഴുകും പിന്നെ മഴക്കാലം തീരും വരെയും അത് ഒരു ചെറിയ തോട് ആണ്, അതിന്റെ രണ്ടു വശവുമുള്ള ഉയർന്ന പറമ്പുകളിൽ നിറയെ മരങ്ങൾ വളർന്ന് നിന്നിരുന്നു, തോട്  തുടങ്ങിന്നടത്ത് ഒരുകൂട്ടം മഞ്ഞമുളകൾ , കിളിമരം, വളരെ പൊക്കത്തിൽ ഒരുമഞ്ചാടി ഇരുട്ട് മൂടിയ തോട് ചെന്നെത്തുന്നത് സ്കൂളിലേക്ക് പോകുന്ന പഴയ ചെമ്മണ്ണ്‍ പാതയിലാണ്, ആ വഴി ഒക്കെ ഇപ്പോൾ ടാർ ഇട്ടിരിക്കുന്നു,

സ്കൂളുകൾക്കിടയിൽ മതിൽ കെട്ടി തിരിച്ചിരിക്കുന്നു, മാവുകൾ രണ്ടും ഇപ്പോഴും ഉണ്ട്, അടുത്തിടെ സർക്കാർ നഷ്ടത്തിൽ പ്രവർത്തിക്കുന്നതെന്നു വിശേഷിപ്പിച്ച പാവം  സ്കൂളുകളുടെ  മ്ലാനത കൾക്കിടയിൽ കൂടി ആ വഴി പാലത്തിലേക്ക് ചെന്ന് ചേരുന്നു അവിടെ പള്ളിക്കൽ ആറ് ഇപ്പോൾ വീതി കുറഞ്ഞു  ഒഴുക്ക് നിലച്ചു കിടക്കുന്നു, പഴയ പ്രൗഡിയുടെ അടയാളം പോലും ഇല്ല.ഇവിടെയാണ്‌ നജീബു മുങ്ങി മരിച്ചതെന്നു പോലും വിശൊസിക്കാൻ പ്രയാസം.

ഈവഴി പാലത്തിൽ വന്നു ചേരുന്നിടത്താണ്, സുധാകരൻ മാഷ് ബസിടിച്ച് മരിച്ചത്

ഞാൻ പാലത്തിൽ കയറിയതും  നിനച്ചിരിക്കാതെ എങ്ങു നിന്നില്ലാതൊരു മഴവന്നു.

ഈ വേനലിൽ എവിടെ നിന്നാണിങ്ങനൊരു മഴ ? എൻറെ മേലേക്ക് മഴ കോരിചൊരിയുമ്പോൾ  , ഞാൻ തണുത്തു വിറക്കാൻ തുടങ്ങിയിരിക്കുന്നു,പാലത്തിൻറെ  കൈവരിയിൽ മുറുക്കെ പിടിച്ചിട്ടും താഴേക്ക്‌ വീണുപോകുമോ എന്ന് തോന്നി.

മിന്നലിൽ ആറ്റിലെ വെള്ളം തിളങ്ങുമ്പോൾ ഞാൻ കണ്ടു , എൻറെ ചങ്ങാതി  നീ മുങ്ങിമരിച്ചയിടത്ത്,  ആറിന്റെ അടിത്തട്ടിളക്കി ഒരുകൂട്ടം കക്കകൾ
ഇവിടെ എവിടെയോ നീയുണ്ട് , സോഷ്യൽ നെറ്റ്‌വർക്കിൻറെ ദൂരത്തോന്നും അല്ല കൈക്കുമ്പിളിൽ വാരിയെടുക്കാവുന്നത്ര അടുത്ത്.

മഴയിൽ കുതിർന്നു ഞാൻ നിൽക്കുമ്പോൾ, റസിയ ഇന്റർനെറ്റ്‌ നിഷേധിച്ച
അവളുടെഭർത്താവിന്റെ രാഷ്ട്രീയത്തോടു പോലും പരിഭവം ഇല്ലാതെ,
നജീബുണ്ടായിരുന്നെങ്കിൽ അവൾക്കു കിട്ടിയേക്കാമായിരുന്ന നല്ല കാലത്തെ താലോലിച്ചു മഴകൊടുത്ത തണുപ്പിലേക്ക് ചുരുണ്ട് കയറി.